എറണാകുളം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അധ്യയനം ആരംഭിച്ചിട്ടും ഇത്തരം സാങ്കേതിക വിദ്യകള്‍ അപ്രാപ്യമായ മറ്റൊരു വിഭാഗം കൂടിയുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ഥികളാണ് മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ളവ അടങ്ങിയ പഠനരീതിയുമായി പൊരുത്തപ്പെടാത്തത്. ഇവരെ ഏത് രീതിയിൽ പഠിപ്പിക്കുമെന്ന ചിന്തയിലാണ് ഭിന്നശേഷി സ്കൂളിലെ ജീവനക്കാർ.
കളികളിലൂടെയാണ് ഈ കുട്ടികളെ പഠിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ ചെന്ന് അധ്യാപകര്‍ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. എല്ലാ കുട്ടികളുടെയും വീട്ടിൽ ചെന്ന് ക്ലാസ് എടുക്കൽ പ്രായോഗികമല്ല. കൊവിഡ് മുന്‍കരുതലുകളുടെ ഭാഗമായി സന്ദർശിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ വീടുകളിൽ ചെന്ന് എങ്ങിനെ പഠിപ്പിക്കാൻ കഴിയുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്. ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിന് യോജിക്കുന്ന പഠന സൗകര്യമൊരുക്കാന്‍ സർക്കാര്‍ ഇടപെടണമെന്നാണ് അധ്യാപകരുടെ ആവശ്യം.