കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആവിഷ്കരിച്ച ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ കര്‍മ്മപരിപാടിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ്. ആദ്യപടിയെന്ന നിലയില്‍ കനാലുകളും ഓടകളും അടക്കം ഉള്‍പ്പെട്ട വിശദമായ ഡ്രൈനേജ് മാപ്പ് തയാറാക്കും. മൂന്ന് മാസത്തിനകം ഡ്രൈനേജ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കലക്ടര്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയിലാണ് കൊച്ചിയിലും സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നത്. വെള്ളക്കെട്ടിനിടയാക്കിയ സാഹചര്യം വിലയിരുത്തുന്നതിന് വിദഗ്‌ധര്‍ ഉള്‍പ്പെട്ട സാങ്കേതിക സമിതി രൂപീകരിക്കും. ഇതിന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിന്‍റെ സഹകരണവും തേടും.
ഒക്ടോബര്‍ 20, 21 തിയതികളില്‍ പെയ്‌ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് പരിഹരിച്ചത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വഴിയാണ്. നാല് മണിക്കൂര്‍ കൊണ്ട് നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിച്ച അടിയന്തര നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കാന്‍ തീരുമാനിക്കുകയും ഇതിന് നേതൃത്വം നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു.