കൊച്ചി: എറണാകുളത്ത് ഡി.ഐ.ജി ഓഫീസ് മാർച്ചിനിടെ പൊലീസിനെ ആകമിച്ചെന്ന കേസിൽ സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം. എൽദോ ഏബ്രഹാം എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കാണ് ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും സംഭവത്തിൽ പ്രതികൾ 40,500 രൂപയുടെ നഷ്‌ടമുണ്ടാക്കിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. ഞാറയ്‌ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കെതിരായ പ്രക്ഷോഭം തുടരുമെന്നും പൊലീസിലെ ക്രിമിനലുകൾക്കെതിരായ സമരം ആവര്‍ത്തിക്കുമെന്നും രാജു കൂട്ടിച്ചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാനും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിക്കാനുമായിരുന്നു മുൻകൂർ ജാമ്യം തേടിയ സി.പി.ഐ നേതാക്കളോട് ഹൈക്കോടതി നിർദേശിച്ചത്. ഇതേതുടര്‍ന്നാണ് കേസിലെ പ്രതികളായ 10 പേര്‍ പൊലീസിന് മുന്നില്‍ ഹാജരായത്. കഴിഞ്ഞ ജൂലൈയില്‍ നടന്ന മാര്‍ച്ചിലാണ് സി.പി.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ എൽദോ ഏബ്രഹാം എം.എൽ.എ അടക്കം നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.