എറണാകുളം: ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡാണ് നാട്ടുകാർ ഉപരോധിച്ചത്. കടലാക്രമണം നേരിടാൻ അടിയന്തര നടപടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. കടൽഭിത്തി, പുലിമുട്ട് എന്നിവയുടെ നിര്‍മാണം തുടങ്ങിയാലും പൂർത്തിയാകാന്‍ സമയമെടുക്കും. അതിനാൽ അടിയന്തരമായി ചാളക്കടവ് ഭാഗത്ത് ജിയോ ട്യൂബുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെല്ലാനം തീരദേശ മേഖലയ്ക്ക് വേണ്ടി പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നും നടപടികളിലേക്കും കടക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു മണിക്കൂറോളം ഉപരോധം നീണ്ടതോടെ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് നീക്കി. ഡെപ്യൂട്ടി തഹസിൽദാർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.
മഴ ശക്തമാകുന്നതോടെ കടലാക്രമണം രൂക്ഷമാകുമെന്ന ആശങ്കയാണ് ചെല്ലാനം നിവാസികൾക്കുള്ളത്. ഒരോ മഴക്കാലത്തും കടലാക്രമണം രൂക്ഷമാവുകയും വീടുകളിൽ വെള്ളം കയറുന്നതും ചെല്ലാനത്ത് പതിവാണ്. ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയെ തുടർന്ന് ഇതുവരെ നേരിട്ടതിൽ വെച്ച് ഏറ്റവും രൂക്ഷമായ കടലാക്രമണമാണ് ചെല്ലാനം തീരദേശ മേഖല നേരിട്ടത്.
Also read: ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും