എറണാകുളം : സിറോ മലബാർ സഭയ്ക്ക് കീഴിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ നടന്ന ഭൂമി ഇടപാടിൽ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായനികുതി വകുപ്പ്.
ഭൂമി ഇടപാടിൽ ന്യായവില പോലും കാണിക്കാതെയാണ് നികുതി വെട്ടിച്ചത്. മൂന്നരക്കോടി രൂപ പിഴ ഇനത്തിൽ അടയ്ക്കണമെന്നും ആദായനികുതി വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ
കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ മുൻ പ്രൊക്യുറേറ്റർ ജോഷി പുതുവ ആദായ നികുതി വകുപ്പിന് സുപ്രധാന മൊഴി നല്‍കിയിരുന്നു. ഇടനിലക്കാരനായ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാൾ ആലഞ്ചേരിയാണന്നായിരുന്നു വെളിപ്പെടുത്തല്‍.
സാജു വർഗീസിന് മൂന്ന് കോടി 99 ലക്ഷത്തിന് വിറ്റ കാക്കനാട് ഭാരതമാത കോളജിന് എതിർവശത്തുള്ള ഭൂമി യഥാർഥത്തിൽ ഏഴ് കോടി 83 ലക്ഷം രൂപയ്ക്കാണ് കൈമാറിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി.
കാക്കനാട് നൈപുണ്യ സ്‌കൂളിന് എതിർവശത്തുള്ള 68.9 സെൻ്റ് ഭൂമി വിൽക്കാൻ പ്രൊക്യുറേറ്റർ ജോഷി പുതുവയും സാജു വർഗീസുമായുണ്ടാക്കിയ കരാർ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
READ MORE: ഭൂമി ഇടപാട്; അങ്കമാലി അതിരൂപത സഭാ നേതൃത്വത്തിന് എതിരെ അന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയില്‍
കരാർ പ്രകാരം ഒരു സെൻ്റ് ഭൂമി 16 ലക്ഷം രൂപയ്ക്കാണ് അതിരൂപത വിറ്റത്. സാജു വർഗീസിൻ്റെ മൊബൈൽ ഫോണിൽ നിന്ന് റെക്കോർഡ് ചെയ്‌ത സംഭാഷണങ്ങളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
ഭൂമി വിലയുടെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടിലുള്ളത്. ഭൂമി ഇടപാട് കേസിൽ നേരത്തേ രണ്ടരക്കോടിയോളം രൂപ അതിരൂപത പിഴയൊടുക്കിയിരുന്നു. വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാൻ നിർദേശിച്ചത്.