എറണാകുളം : വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ പോസ്റ്റുകൾക്ക് അഡ്‌മിന് ഉത്തരവാദിത്വമില്ലെന്ന് ഹൈക്കോടതി. അശ്ലീല ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്‌തതിന്‍റെ പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്‌മിനെതിരെയെടുത്ത കേസ് കോടതി റദ്ദാക്കി. ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്സോ കോടതിയിലുള്ള കേസാണ് റദ്ദാക്കിയത്.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അഡ്‌മിനുകൾക്ക് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഇവരെ നീക്കം ചെയ്യാനും മാത്രമേ കഴിയൂ. അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ നീക്കാനോ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്‌മിന് സാങ്കേതികമായി കഴിയില്ല. ഇക്കാരണത്താൽ അംഗങ്ങൾ ദോഷകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്‌താൽ അതിന്‍റെ ഉത്തരവാദിത്വം അഡ്‌മിനെതിരെ ചുമത്താൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹർജിക്കാരൻ മറ്റ് രണ്ടുപേരെക്കൂടി അഡ്‌മിനുകളായി നിയോഗിച്ചിരുന്നു. ഇവരിൽ ഒരാൾ കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്‌തു. ഇതേ തുടർന്നുള്ള പരാതിയിൽ എറണാകുളം സിറ്റി പൊലീസ് ഇയാളെ ഒന്നാം പ്രതിയും ഗ്രൂപ്പ് അഡ്‌മിനായ മാനുവലിനെ രണ്ടാം പ്രതിയുമാക്കി ഐ.ടി നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തു.
എറണാകുളം പോക്സോ കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇതിൽ തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാനുവൽ ഹൈക്കോടതിയെ സമീപിച്ചത്.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന സന്ദേശങ്ങളുടെ കാര്യത്തിൽ അഡ്മിൻ ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ, ഡൽഹി ഹൈക്കോടതികളുടെ ഉത്തരവുകൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജിക്കാരന് അനുകൂലമായി വിധിച്ചത്.