എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതി വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. വിഷ്ണുവിൻ്റെ അപേക്ഷ വിചാരണക്കോടതി അംഗീകരിച്ചു. തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു നൽകിയ അപേക്ഷയിൽ കോടതി നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതിനെ പ്രോസിക്യൂഷനും എതിർത്തിരുന്നില്ല. തുടർന്നാണ് കോടതി വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കിയത്.
ഒന്നാം പ്രതി പൾസർ സുനിക്ക് വേണ്ടി ജയിലിൽ വെച്ചു വിപിൻ ലാൽ എഴുതിയ കത്ത് ദിലീപിന് കൈമാറാൻ സഹായിച്ചതും ചെരിപ്പിനുള്ളിൽ ഫോൺ ഒളിപ്പിച്ച് ജയിലിൽ എത്തിക്കാൻ ഇടപെട്ടതും വിഷ്ണുവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മറ്റൊരു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവെയാണ് വിഷ്ണു, പൾസർ സുനിയുമായി സൗഹൃദത്തിലായത്. പിന്നീട് സുനിക്ക് വേണ്ടി വിഷ്ണു സഹായം ചെയ്തു നൽകുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിഷ്ണുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കേസിൽ മറ്റൊരു പ്രതിയായിരുന്ന വിപിൻ ലാലിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. അതേ സമയം എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിധി പറയാനായി മാറ്റി. ദിലീപിൻ്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന സാക്ഷി വിസ്താരവും ഇന്ന് പുനരാരംഭിച്ചു. മഹസർ സാക്ഷികളെയാണ് ഇന്ന് വിസ്തരിച്ചത്.