കണ്ണൂർ; ഭാരതത്തിന്‍റെ വൈദിക വിജ്ഞാന ധാരകളെക്കുറിച്ചുള്ള പഠനത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻകൈ എടുക്കുകയാണ്. സംസ്ഥാനത്ത് വേദ പഠനം ലക്ഷ്യമിട്ട് സിപിഐ സംഘടിപ്പിക്കുന്ന ഭാരതീയം 2019 ന് ഈമാസം 25 ന് കണ്ണൂരില്‍ തുടക്കമാകും. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ഇ ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. മൂന്നു ദിവസം നീളുന്ന സെമിനാർ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയും സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
ബിജെപിയുടെയും ആർഎസ്എസിന്‍റെയും വളര്‍ച്ച തടയാനും പുതുതലമുറയെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് സിപിഐ വേദപഠന ക്ലാസ് നടത്തുന്നത് എന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന വിമർശനം. എന്നാൽ ആറുമാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ വേദ സെമിനാര്‍ നടത്താനാണ് പാർട്ടിയുടെ പരിപാടി. ഒപ്പം മറ്റ് പല വിഷയങ്ങളും ഉൾക്കൊള്ളിച്ച് വിവിധ സെമിനാറുകൾ നടത്താൻ പാർട്ടിയും ട്രസ്റ്റും ആലോചിക്കുന്നുണ്ടെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ പറഞ്ഞു.
കണ്ണൂർ ടൗൺ സ്ക്വയറിൽ ആരംഭിക്കുന്ന ഭാരതീയം 2019 ദേശീയ സെമിനാറിൽ മഹാഭാരതത്തിലെ മാനുഷിക ഭാവങ്ങൾ എന്ന വിഷയത്തിൽ സാംസ്കാരിക സദസ്സും ഉപനിഷദ് ദർശനങ്ങളുടെ വർത്തമാനം എന്ന വിഷയത്തിൽ സംവാദ സായാഹ്നവും നടക്കും. 27ന് നടക്കുന്ന സമാപന ചടങ്ങിൽ ഭാരതീയ ദർശനങ്ങളുടെ ജനപക്ഷ സദസ്സ് എന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുമെന്ന് എൻഇ ബാലറാം ട്രസ്റ്റ് ചെയർമാൻ സി.എൻ ചന്ദ്രൻ പറഞ്ഞു.