കണ്ണൂര്‍: ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കേക്കിന്‍റെ 136 -ാം ജന്മദിനം ആഘോഷമാക്കി തലശേരി മേരീമാതാ ചാരിറ്റബിള്‍ സൊസൈറ്റി. 1883 ഡിസംബർ 23 നാണ് ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്ക് നിർമ്മിച്ചത്, അതും തലശേരിയില്‍.
ബ്രൗൺ സായിപ്പ് എന്ന് വിളിപ്പേരുള്ള വിദേശി ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്ന ക്രിസ്മസ് കേക്ക് തലശേരിയിലെ മമ്പളളി ബാപ്പുവിന് കൊടുക്കുകയും അതിന്‍റെ ചേരുവകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതുപോലൊരു കേക്ക് നിർമിക്കാൻ ബാപ്പുവിനോട് സായിപ്പ് ആവശ്യപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് ബ്രൗൺ സായിപ്പ് ബാപ്പുവിനെ സമീപിച്ച് കേക്ക് ആവശ്യപ്പെട്ടു. ബാപ്പു താൻ നിർമ്മിച്ച കേക്കിന്‍റെ ഒരു കഷ്ണം രുചിച്ചുനോക്കാൻ സായിപ്പിന് നൽകി. കേക്ക് രുചിച്ചുനോക്കിയ സായിപ്പ് 'എക്‌സലന്‍റ്' എന്ന് പറഞ്ഞ് ബാപ്പുവിനെ കെട്ടിപ്പിടിച്ചു. അങ്ങനെ 1883 ഡിസംബർ 23 ന് ആദ്യത്തെ ഇന്ത്യൻ ക്രിസ്മസ് കേക്ക് തലശേരിയിൽ നിന്നും പുറത്തിറങ്ങി.
ഇന്ത്യൻ കേക്കിന്‍റെ 136-ാം പിറന്നാൾ ആഘോഷം മമ്പള്ളി ബാപ്പുവിന്റെ കുടുംബാഗങ്ങൾ നിർമ്മിച്ച കേക്ക് മുറിച്ച് ജില്ലാ ജഡ്ജി ടി. ഇന്ദിര തുടങ്ങിവച്ചു. മേരിമാത ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.ജി.എസ്. ഫ്രാൻസിസ് അധ്യക്ഷനായി. ചലച്ചിത്ര നിർമാതാവ് ഗിരീഷ് മക്രേരി മുഖ്യപ്രഭാഷണം നടത്തി.