കണ്ണൂർ: മലയാളികളുമായി മുംബൈയിൽ നിന്ന് എത്തുന്ന ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പുള്ള വിവരം അറിയാതെ ജില്ലാ ഭരണകൂടം. ഇന്നലെ രാത്രി പത്തു മണിക്ക് മുംബൈ-ലോകമാന്യ തിലക് സ്റ്റേഷനിൽ നിന്ന് തിരിച്ച ട്രെയിനിന് വൈകിയാണ് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ജില്ലാ ഭരണകൂടത്തിന് രാവിലെ 11 മണിക്കാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര സന്നാഹങ്ങൾ ഒരുക്കി യാത്രക്കാരെ സ്വീകരിച്ചു. 152 പേരാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. ഇതില്‍ ഒരാളെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റി.
മുംബൈയില്‍ നിന്നുള്ള ട്രെയിനില്‍ മടങ്ങിയെത്തിയവരില്‍ 56 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. കാസര്‍കോട്- 72, കോഴിക്കോട്- 17, വയനാട്- 5, മലപ്പുറം- 1, തമിഴ്‌നാട് -1 എന്നിങ്ങനെയാണ് കണ്ണൂരിലിറങ്ങിയ മറ്റ് യാത്രക്കാരുടെ കണക്കുകള്‍. കണ്ണൂര്‍ ജില്ലക്കാരെ വീടുകളിലേക്കും കൊറോണ കെയര്‍ സെന്‍ററിലേക്കും അയച്ചു. മറ്റുള്ളവരെ പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസുകളിലാണ് മറ്റു ജില്ലകളിലേക്ക് അയച്ചത്.
നേരത്തേ ഷൊർണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. ഇക്കാര്യം വൈകിയാണ് അറിഞ്ഞതെങ്കിലും ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കാന്‍ കഴിഞ്ഞതായി കലക്ടർ ടി.വി സുഭാഷ് വ്യക്തമാക്കി. പാസ് ഇല്ലാതെ എത്തുന്നവരെ സർക്കാർ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്കാണ് അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷ ഒരുക്കാൻ പൊലീസിന് കഴിയുമെന്ന് എസ്.പി യതീശ് ചന്ദ്രയും വ്യക്തമാക്കി.
മഹാരാഷ്ട്ര പി.സി.സി ആണ് മലയാളികൾക്കായി ട്രെയിൻ ഏർപ്പെടുത്തിയതെന്നും ഡി.സി.സിയുടെ അഭ്യർത്ഥന പ്രകാരമാണ് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിച്ചു.