കണ്ണൂർ : പരിയാരം -കുപ്പം ദേശീയ പാതയിൽ മരങ്ങൾ നീക്കം ചെയ്യാൻ കുഴികൾ എടുത്തത് അപകട ഭീഷണിയാകുന്നു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി വന്മരങ്ങളുടെ വേരുകൾ എടുക്കുവാൻ കുഴിച്ച കുഴികളാണ് അപകട ഭീഷണി ഉയർത്തുന്നത്. കൂടാതെ മരത്തടികൾ കൂട്ടിയിട്ടതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.
ദേശീയ പാത ആറ് വരി പാതയായി ഉയർത്തുന്നതിന്‍റെ ഭാഗമായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മരങ്ങളാണ് മുറിച്ചു നീക്കുന്നത്. ജാതി പോലുള്ള വൻ മരങ്ങളുടെ വേരുകൾ അടക്കം ജെസിബി ഉപയോഗിച്ച് കുഴിച്ചെടുക്കുകയാണ്. ഇവ എടുത്തതിനു ശേഷം പല സ്ഥലങ്ങളിലും കുഴി നികത്തിയിട്ടില്ല.
കരാറുകാരുടെ അനാസ്ഥ
കരാറുകാർ ആവശ്യമുള്ള മരങ്ങളുടെ വലിയ തടികൾ മാത്രം കൊണ്ടുപോയതിനു ശേഷം ബാക്കിയുള്ള മരത്തിന്‍റെ ചില്ലകൾ റോഡിനിരുവശങ്ങളിലും ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.
കൂടാതെ മുറിച്ച മരങ്ങളുടെ കഷണങ്ങൾ പല സ്ഥലങ്ങളിലും നീക്കം ചെയ്യാത്തതിനാൽ വലിയ അപകടമാണ് പതിയിരിക്കുന്നത്. രാത്രിയിൽ വാഹനങ്ങൾക്ക് കാണാൻ സാധിക്കാത്ത വിധത്തിലാണ് മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കൂടാതെ കാൽനട യാത്രിക്കാർക്കും ഇത് ബുദ്ധിമുട്ടാണ്.
എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് മരത്തടികളും ചില്ലകളും കരാറുകാർ എടുത്ത് കൊണ്ടുപോകാനുള്ള നിർദേശം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഴികൾ നികത്തി അപകട ഭീഷണി ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
also read: ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം