കണ്ണൂര്‍: തളിപ്പറമ്പ് കപ്പാലം മുതൽ മന്ന സിഗ്നൽ വരെയുള്ള റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചു. റോഡ് പൊട്ടിപ്പൊളിഞ്ഞ് മൂന്നു മാസമായിട്ടും നന്നാക്കിയില്ലെന്ന മാധ്യമ വാർത്തയെ തുടർന്നാണ് നടപടി.
തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ കപ്പാലം മുതൽ മന്ന സിഗ്നൽ വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് യാത്ര വളരെ ദുഷ്കരമായിരുന്നു. മഴക്കാലത്ത് വെള്ളം ഒലിച്ചിറങ്ങിയാണ് ഈ ഭാഗത്ത് റോഡ് പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞത്. വലിയ ഗർത്തങ്ങളും രൂപപ്പെട്ട സ്ഥിതിയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഇതിൽ വീണ് അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ടായിരുന്നു.
സംഭവം വാർത്തയായതോടെ റോഡിലെ കുഴികൾ അധികൃതർ താൽക്കാലികമായി മെറ്റൽ ഉപയോഗിച്ച് നികത്തി. എന്നാൽ താത്കാലിക നടപടിക്ക് പകരം ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ഓട്ടോഡ്രൈവർമാർ അടക്കമുള്ളവർ ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവർ സംസ്ഥാനപാത വികസനം ഉടൻ ഇല്ലെങ്കിൽ കപ്പാലം മുതൽ മന്ന വരെയുള്ള ഭാഗത്ത് പാച്ച് വർക്ക് നടത്താൻ കരാറുകാരൻ തയാറാകണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.