കണ്ണൂർ: കഴിഞ്ഞ 30 വർഷത്തിലേറെയായി ശാസ്ത്ര പരീക്ഷണ ക്ലാസുകൾ ഒരു ജീവിത വ്രതമായി കൊണ്ടു നടക്കുന്ന അധ്യാപകനാണ് ദിനേഷ് മാഷ്. അധ്യാപന ജീവിതത്തിൽനിന്ന് വിരമിച്ച് ഒരു വർഷമായെങ്കിലും മാഷിന്‍റെ ശാസ്ത്ര ക്ലാസിന് ആവശ്യക്കാർ ഏറെയാണ്. എന്താണ് ശാസ്ത്ര പരീക്ഷണമെന്നും കണ്ടും തൊട്ടും ചെയ്‌തും പഠിക്കുന്നതിന്‍റെ ആവശ്യകതയെന്തെന്നും നിരീക്ഷണത്തിന്‍റെ ശക്തിയെന്തെന്നും ഓരോ പരീക്ഷണം കഴിയുമ്പോഴും രസകരമായി മാഷ് വിശദീകരിക്കും.
എൽപി ക്ലാസ് മുതൽ ബിഎഡ് വരെയുള്ള കുട്ടികൾക്കായി മാഷ് നടത്തി കൊണ്ടിരിക്കുന്ന ശാസ്ത്ര പരീക്ഷണ കളരി ഇതിനകം 2800ലധികം വേദികൾ പിന്നിട്ടു കഴിഞ്ഞു. 12 മണിക്കൂർ തുടർച്ചായായി ശാസ്ത്ര പരീക്ഷണ ക്ലാസ് നടത്തി യുണൈറ്റഡ് റിക്കാർഡ് ഫോറത്തിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് അദ്ദേഹം നേടിയി. 3 തവണ ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ പങ്കെടുക്കാനും അവസരം ലഭിച്ചു.
മുംബൈ, കൊൽക്കത്ത, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ശാസ്ത്ര ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മുംബൈയിൽ വച്ച് ഗ്ലോബൽ ടീച്ചേർസ് അവാർഡും കരസ്ഥമാക്കി. കൂടാതെ നിരവധി സംസ്ഥാന ദേശീയ പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.