കണ്ണൂർ: യുഡിഎഫിന് ഭൂരിപക്ഷമുള്ള നടുവിൽ പഞ്ചായത്തിൽ വിമതനായി മത്സരിച്ച ഡിസിസി ജനറൽ സെക്രട്ടറി ബേബി ഓടംപള്ളി ഇടതു പിന്തുണയോടെ വിജയിച്ചു. യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി അലക്സ് ചുനയംമാക്കലിനെ എട്ടിനെതിരെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബേബി വിജയിച്ചത്. പിന്നാലെ ബേബി ഓടംപള്ളി, സെബാസ്റ്റ്യൻ വിലങ്ങോലി, ലിസി ജോസഫ് എന്നിവരെ കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
19 അംഗങ്ങളുള്ള പഞ്ചായത്തിൽ എട്ട് സീറ്റാണ് എൽഡിഎഫിനുള്ളത്. സീനിയർ നേതാവായ തന്നെ ഗ്രൂപ്പിന്‍റെ അടിസ്ഥാനത്തിൽ തഴഞ്ഞുവെന്നാരോപിച്ചാണ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് ഇടതു പിന്തുണയോടെ ബേബി മത്സരിച്ചത്. ഇന്നലെ രാത്രി ഡിസിസി ഓഫീസിൽ നടന്ന ചർച്ചയിലും സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. ഇതോടെ വർഷങ്ങളായി കൈയടക്കിവച്ചിരുന്ന നടുവിൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി.
എൽഡിഎഫും യുഡിഎഫും സമനിലയിൽ (7-7) ആയിരുന്ന കൊട്ടിയൂർ പഞ്ചായത്തിൽ നറുക്ക് വീണത് യുഡിഎഫിന്. റോയി നമ്പുടാകം പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റു. ഇടത് വലത് മുന്നണികൾ തുല്ല്യം നിന്ന ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൽ നറുക്ക് എൽഡിഎഫിന് വീണു. അഡ്വ. റോബർട്ട് ജോർജിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ആറളം പഞ്ചായത്തിൽ എൽഡിഎഫിനാണ് ഭരണം. 17 ൽ ഒമ്പത് സീറ്റുണ്ടായിരുന്ന എൽഡിഎഫിലെ ഒരംഗം കൊവിഡ് ബാധിച്ച് ഐസിയുവിൽ ആയതോടെ അംഗസംഖ്യ തുല്യമാവുകയായിരുന്നു (8-8). ഇതോടെ നറുക്കിടുകയായിരുന്നു. മുഴപ്പിലങ്ങാട് പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും.
15ൽ ആറ് സീറ്റാണ് എൽഡിഎഫിന്, യുഡിഎഫ് അഞ്ച്, എസ്‌ഡിപിഐ നാല് എന്നിങ്ങനെയാണ് കക്ഷിനില. എസ്‌ഡിപിഐ അംഗങ്ങൾ വോട്ട് അസാധുവാക്കിയതോടെ എൽഡിഎഫ് ഭരണത്തിലെത്തുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ എൽഡിഎഫിലെ പി.പി ദിവ്യ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരെ 16 വോട്ടുകൾ നേടി ലിസി ജോസഫിനെയാണ് പി.പി ദിവ്യ പരാജയപ്പെടുത്തിയത്. എല്ലാവരുടേയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്ന് പി.പി ദിവ്യ പറഞ്ഞു.