കണ്ണൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച് യുഡിഎഫിന് കോർപ്പറേഷൻ ഭരണം നഷ്ടപ്പെടുത്തിയ പി.കെ രാഗേഷിനെച്ചൊല്ലി കോൺഗ്രസിൽ ചേരിതിരിവ്. വിമതനായി വിജയിച്ചയാൾക്ക് ഇത്തവണ സീറ്റ് നൽകുന്നതിനെച്ചൊല്ലിയാണ് സ്ഥാനാർഥി നിർണയ യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. കെപിസിസി ജനറൽ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ചേരിതിരിവുണ്ടായത്.
ഒന്നാം ഡിവിഷൻ പള്ളിയാംമൂലയിൽ ചേർന്ന യോഗത്തിൽ സ്ഥാനാർഥിയായി മണ്ഡലം പ്രസിഡന്‍റ് ഉമേഷ് കണിയാങ്കണ്ടിയുടെ പേരാണ് ഔദ്യോഗിക വിഭാഗം നിർദേശിച്ചത്. എന്നാൽ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെ മത്സരിപ്പിക്കണമെന്ന് അനുയായികൾ ആവശ്യപ്പെട്ടു. ബഹളം മൂർച്ഛിച്ചതോടെ രാഗേഷിന്‍റെ പേര് നിർദേശിച്ചവരെ മറുവിഭാഗക്കാർ കൈയേറ്റം ചെയ്യുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ എന്നിവർക്കുനേരെയും കൈയേറ്റ ശ്രമമുണ്ടായി.
സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് സമ്മതിച്ച കെ. സുധാകരൻ എംപി അത് പരിഹരിച്ചെന്നും വ്യക്തമാക്കി. പി.കെ രാഗേഷ് ചില സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഉചിതമായ തീരുമാനം പാർട്ടിയെടുക്കും. രാഗേഷിന് സീറ്റ് കൊടുക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തന്‍റെ ശ്രദ്ധയിൽ അങ്ങനെയൊരു വിഷയം വന്നിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
55 അംഗ കണ്ണൂർ കോർപ്പറേഷനിൽ 27 സീറ്റ് വീതമാണ് ഇരുമുന്നണിക്കർക്കും ലഭിച്ചിരുന്നത്. കോൺഗ്രസ് വിമതനായിരുന്ന പി.കെ രാഗേഷ് എൽഡിഎഫിനൊപ്പം നിന്നതോടെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫിന് കണ്ണൂരിൽ ഭരണം നഷ്ടമായിരുന്നു. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസിലേക്ക് തിരിച്ചെത്തിയ രാഗേഷിന്‍റെ വോട്ടോടെ യുഡിഎഫ് കോർപ്പറേഷൻ ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. വീണ്ടും സ്ഥാനാർഥി നിർണ്ണയ പ്രക്രിയ ആരംഭിച്ചതോടെ രാഗേഷിനെ ചൊല്ലി കോൺഗ്രസിൽ കലാപ കൊടി ഉയർന്നത്.