കണ്ണൂർ: പദ്മശ്രീ പുരസ്കാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി. ബഹുമതി ആദരവോടെ ഏറ്റുവാങ്ങുന്നു. കഷ്ടപ്പാടുകൾക്ക് ലഭിച്ച അംഗീകാരമാണിത്. കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനമാണ് അവാർഡുകൾ നല്‍കുന്നത്. എല്ലാവരോടും കടപ്പാടുണ്ടെന്നും കൈതപ്രം പറഞ്ഞു. ഭാര്യപിതാവും സിനിമാ നടനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണാനന്തര ചടങ്ങുകൾക്കിടയിൽ പയ്യന്നൂരിലെ അദ്ദേഹത്തിൻ്റെ ഇല്ലത്ത് വെച്ചാണ് പദ്മശ്രീ വാർത്ത കൈതപ്രം അറിഞ്ഞത്. അദ്ദേഹത്തിൻ്റെ കൂടി അനുഗ്രഹത്തോടെ കിട്ടിയ വരമാണ് ഈ ബഹുമതിയെന്നും കൈതപ്രം പറഞ്ഞു.
1993-ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനുമായി. 1997-ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീത സംവിധാനം നടത്തി. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.