കണ്ണൂർ : ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പ് കരിമ്പം ജില്ല കൃഷിത്തോട്ടത്തിലും കില സബ് സെന്‍ററിലും വ്യാപക നാശനഷ്‌ടം. മരങ്ങൾ വീണ് കൃഷിയും കെട്ടിടങ്ങളും നശിച്ചു. തൂണുകൾ പൊട്ടിവീണതിനെ തുടർന്ന് വൈദ്യുതി സംവിധാനം പൂർണമായി നിലച്ചിരിക്കുകയാണ്. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് രണ്ടിടങ്ങളിലും ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് കനത്ത മഴയും കാറ്റും ഉണ്ടായത്.ഗ്രാഫ് ചെടികളും ഫലവൃക്ഷതൈകളും ഉൾപ്പടെ അമ്പതിനായിരത്തോളമെണ്ണം നശിച്ചിട്ടുണ്ട്. ഒരു കോടി വൃക്ഷത്തൈ പദ്ധതിയിലേക്കായി തയ്യാറാക്കിയവയാണ് ഉപയോഗശൂന്യമായത്. കരിമ്പം ജില്ല കൃഷിത്തോട്ടത്തിൽ കാറ്റിനെ തുടർന്ന് പോളിഹൗസും ആറോളം നഴ്‌സറി ഷെഡ്ഡുകളും തകർന്ന് ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടായത്.
ALSO READ: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു ; പുറത്തേക്ക് ഒഴുകുന്നത് 2,974 ഘനയടി ജലം
ഐ.ടി.കെ കെട്ടിടത്തിന്‍റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി. കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇ.ടി.സി കില സബ് സെന്‍ററിൽ മരങ്ങൾ പൊട്ടിവീണ് ക്വാർട്ടേഴ്‌സുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുത തൂണുകൾ തകരുകയും ചെയ്‌തു. ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ അടക്കമാണ് തകർന്നത്.
സംസ്ഥാന പാതയിൽ കരിമ്പത്തും ഇ.ടി.സി പൂമംഗലം റോഡിലും മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായി. തൂണുകൾ തകർന്ന് വൈദ്യുതി വിതരണവും തടസപ്പെട്ടു.
വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിശമന സേനാംഗങ്ങളും കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. ലക്ഷ്മണന്‍റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് രാത്രി തന്നെ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.