കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എണ്‍പത്തൊന്നുകാരനായ കൊവിഡ് രോഗിയും രോഗവിമുക്തി നേടി. ചെറുവാഞ്ചേരി സ്വദേശിയായ ഷംസുദ്ദീനാണ് ഇന്ന് ആശുപത്രി വിട്ടത്. അടുപ്പിച്ച് രണ്ട് ദിവസം നടത്തിയ സ്രവപരിശോധന നെഗറ്റീവായിരുന്നു. ഏപ്രില്‍ മൂന്നിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷംസുദ്ദീന്‍റെ കുടുംബത്തിലെ മറ്റ് പത്തുപേര്‍ക്കും കൊവിഡ് പോസിറ്റീവായിരുന്നു. ഇവരെല്ലാം തന്നെ രോഗവിമുക്തി നേടിയപ്പോഴും ഷംസുദ്ദീന്‍റെ നില ആശങ്കാജനകമായി തുടരുകയായിരുന്നു.
10 തവണ ഷംസുദ്ദീന്‍ പരിശോധനക്ക് വിധേയനായി. ഒപ്പം ചികിത്സക്കിടെ ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത് ഡോക്ടര്‍മാരെ പരിഭ്രാന്തിയിലാക്കി. പക്ഷെ എല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഷംസുദ്ദീന്‍. തന്നെ ശുശ്രൂഷിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ചാണ് ഷംസുദ്ദീന്‍ ആശുപത്രി വിട്ടത്. ടി.വി രാജേഷ് എംഎൽഎ തുടങ്ങിയവര്‍ യാത്രയയപ്പിന് നേതൃത്വം നല്‍കി. അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ അമ്പത്തിയെട്ടുകാരന്‍ ചികിത്സയില്‍ തുടരുകയാണ്.