കണ്ണൂർ: തളിപ്പറമ്പ് നഗരത്തിൽ വിരണ്ടോടിയ പോത്തിൻ്റെ പരാക്രമം. തളിപ്പറമ്പ് കോർട്ട് റോഡിൽ നിന്ന് വിരണ്ട് ഓടി വന്ന പോത്ത് പൊലിസ് സ്റ്റേഷന് മുന്നിൽ വിദ്യാർഥിയെ അക്രമിച്ചു. പിന്നീട് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിയെത്തിയ പോത്ത് താലൂക്ക് ഓഫിന് മുന്നിൽ നിൽക്കുകയായിരുന്ന സ്ത്രികളെയും അക്രമിച്ചു. ഇന്ന് (10.08.22) വൈകിട്ട് 4.30 ഓടെയാണ് സംഭവം.
പോത്ത് വിരണ്ടോടിയ വഴിയിൽ നിരവധി ഇരുചക്ര വാഹനങ്ങളെയും കാൽനടയാത്രക്കാരെയും തട്ടിയിട്ടിരുന്നു. പിന്നാലെ പോത്ത് ദേശീയ പാതയിലൂടെ കുപ്പം ഭാഗത്തേക്ക് ഓടിപ്പോയി. വിവരമറിഞ്ഞ് പൊലിസും അഗ്നി രക്ഷാ സേനയും കുപ്പത്ത് എത്തി. പോത്ത് ചുടല പഞ്ചാരക്കുളം വഴി ഏഴോത്തേക്ക് കടന്നു എന്നാണ് വിവരം.
പുളിമ്പറമ്പ് സ്വദേശിനി ടൗൺ വനിത സഹകരണ സംഘം കളക്ഷൻ ഏജൻ്റ് സി.വൽസല (55), ശ്രീകണ്ഠാപുരം കോട്ടൂർ സ്വദേശിനി പെരുവളത്ത് പറമ്പ് വാട്ടർ അതോറിറ്റി ജീവനക്കാരി എ.രജനി (44), സീതിസാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി എന്നിവർക്കാണ് പരിക്കേറ്റത്. തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വൽസലയെ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്കും, രജനിയെ കണ്ണൂർ മിംസ് ആശുപത്രിയിലേക്കും മാറ്റി.