കണ്ണൂർ : ബഹ്‌റൈനിലേക്കായി ശ്രീനാരായണഗുരുവിന്‍റെ വെങ്കല പ്രതിമ ഒരുങ്ങുന്നു. ശ്രീനാരായണഗുരുവിന്‍റെ മിനിയേച്ചര്‍ പ്രതിമയും സമാധി മന്ദിരമായ ശിവഗിരിയുടെ ശില്‍പരൂപവുമാണ് പയ്യന്നൂരിലെ കുഞ്ഞിമംഗലത്ത് തയ്യാറാകുന്നത്. ഒന്നര അടിയോളം നീളമുള്ള ശില്‍പത്തിന് രണ്ട് കിലോഗ്രാം ഭാരമുണ്ടാകും.
ശില്‍പി ചിത്രജന്‍ കുഞ്ഞിമംഗലമാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഒരു മാസത്തോളമായി ഇതിന്‍റെ പണിപ്പുരയിലാണ് ഇദ്ദേഹം. വെങ്കല ലോഹ കൂട്ടിൽ വാർത്തെടുത്ത് പോളിഷ് ചെയ്‌തതാണ് പൂർണരൂപം.
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്‌റൈന്‍ ബില്വാസ് (ഗുരുദേവ സമിതി), ബഹ്‌റൈന്‍ ശ്രീനാരായണ കമ്മ്യൂണിറ്റി എന്നിവയുടെ നിർദേശപ്രകാരമാണ് ശിൽപം നിർമിക്കുന്നത്. ചിത്ര കെ, കിഷോർ കെ.വി, ഭാസ്കരൻ വി.വി, അനിൽകുമാർ എന്നിവർ ശില്‍പ നിർമാണത്തിൽ സഹായികളായി.
ബഹ്‌റൈന്‍ ജഷൻമൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയില്‍ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ കെ.ജി ബാബുരാജിന് ശ്രീനാരായണ ധർമ സംഘം പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി ശില്‍പരൂപം അടങ്ങുന്ന മൊമെൻ്റോ സമ്മാനിക്കും.