വയനാട്: കനത്ത മഴയ്‌ക്ക് വയനാട്ടില്‍ ചെറിയ ശമനം. ഈ മാസം നാല് മുതൽ നാല് ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു. എന്നാല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളക്കെട്ടുകളും ഇല്ലാതാകുന്നുണ്ട്. വെള്ളപ്പൊക്കം കാരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റിയവരിൽ അധികം പേരും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിത്തുടങ്ങി.
കഴിഞ്ഞ വർഷങ്ങളിൽ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ യുവജന സംഘടനകളും സന്നദ്ധ സംഘടനകളുമെല്ലാം എത്തിയിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇതുവരെ അത്തരം സഹായങ്ങളൊന്നും ലഭ്യമായിട്ടില്ല. ഈ മാസം 20 വരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അതേ സമയം മഴകനത്ത് ഇനിയും വീടുകളിലേക്ക് വെള്ളം കയറുമോ എന്ന പേടിയിലാണ് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ .