വയനാട് : കേരള- കർണാടക അതിർത്തിയിൽ കബനീ നദി വഴി സംസ്ഥാനത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്നത് വീണ്ടും വ്യാപകമാകുന്നതായി പരാതി. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഈ മേഖലയിൽ പൊലീസിന്‍റെയും എക്‌സൈസിന്‍റെയും ശ്രദ്ധ കുറഞ്ഞതാണ് ലഹരിക്കടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കർണാടകത്തിലെ മൈസൂരു, ഷിമോഗ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് വയനാട്ടിലേക്ക് പ്രധാനമായും ലഹരിവസ്തുക്കൾ എത്തിക്കുന്നത്. കർണാടകത്തിലെ മച്ചൂർ, ബൈരക്കുപ്പ എന്നിവിടങ്ങളിൽനിന്ന് പുഴ മുറിച്ചു കടന്നാൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ, ബാവലി മേഖലയിലെത്താം. ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ പുഴ മുറിച്ചു കടന്നാണ് ലഹരി വസ്തുക്കൾ വയനാട്ടിലേക്ക് എത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കർണാടകത്തിൽനിന്ന് ലഹരി കടത്തിന് ഇവിടേക്ക് എത്തുന്നത്.