വയനാട്: കൊവിഡ് വ്യാപനം തടയാന്‍ തിരുനെല്ലി പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളിൽ പ്രത്യേക നിയന്ത്രണങ്ങളും ജാഗ്രതയും. കുണ്ട്റ ,സർവാണി, കൊല്ലി ആദിവാസി കോളനികളിലാണ് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മകളുടെ ഭർത്താവിന്‍റെ പലചരക്ക് കടയുടെ സമീപമുള്ള കോളനികൾ ആണിവ.
മൂന്ന് കോളനികളിൽ നിന്ന് പനവല്ലിയിലെ കൊവിഡ് ബാധിതന്‍റെ കടയിൽ പോയവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. മറ്റുള്ളവര്‍ക്ക് വീടുകളിൽ നിരീക്ഷണം തുടരാം. കൂടാതെ ഓരോ കോളനിയിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കാനും തീരുമാനമായി.
നിലവില്‍ കൊവിഡ് ബാധിച്ച് 19 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 2030 പേർ നിരീക്ഷണത്തിൽ ഉണ്ട്. 203 സാമ്പിളുകളുടെ ഫലം കിട്ടാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായി 1194 സാംപിളുകൾ പരിശോധിച്ചു. ഇതിൽ നിന്ന് ഇതുവരെ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ജില്ലയിലെ സർവൈലൻസ് ടീമും വിപുലീകരിച്ചിട്ടുണ്ട്