ആലപ്പുഴ: ജോലിയില്ലാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ പിഎസ്‌സി ഓഫിസിലേക്ക് മാർച്ച് നടത്തി. ഡിസിസി ഓഫിസിൽ നിന്ന് ആരംഭിച്ച മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നഗരത്തിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഇത് നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് സൃഷ്ടിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മാർച്ച് പിഎസ്‌സി ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. സംഘർഷത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി പ്രവീണിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.