ആലപ്പുഴ : വെണ്‍മണിയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ലബിലു ഹസന് വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹസനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇരുവരും ബംഗ്ലാദേശ് പൗരന്‍മാരാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ട് പ്രതികളും കോടതിയിൽ ഹാജരായിരുന്നു.
ദമ്പതികളെ കൊലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂപയും കവര്‍ന്ന കേസിലാണ് വിധി. 2019 നവംബര്‍ 11നാണ് കേസിനാസ്‌പദമായ സംഭവം. ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. എ.പി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവരെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
Also read: നിരവധി കേസുകളിലെ പ്രതി, മുംബൈ ഗാങ്‌സ്റ്റർ ഭക്കാന അറസ്റ്റിൽ
കൊലപാതകത്തിന് ശേഷം പ്രതികള്‍ 45 പവന്‍ സ്വര്‍ണവും പതിനേഴായിരം രൂപയും കവര്‍ന്നു. സംഭവശേഷം കടന്നുകളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊലപാതകം, അതിക്രമിച്ചുകയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി.