ആലപ്പുഴ: നിരന്തരമായ മിസൈൽ ആക്രമണമാണ് നടക്കുന്നതെന്നും ജീവൻ പോലും ഭീഷണിയിലാണെന്നും യുക്രൈനിലെ കീവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ. കീവ് മെഡിക്കൽ സർവകലാശാലയിലെ ആറ് എംബിബിഎസ് വിദ്യാർഥികളാണ് ബോംബ് ഷെൽട്ടറിൽ കുടുങ്ങി കിടക്കുന്നത്. ആലപ്പുഴ, തിരുവനന്തപുരം, വയനാട് സ്വദേശികളും തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് വിദ്യാർഥികളുമാണ് കുടുങ്ങികിടക്കുന്നവരിലുള്ളത്.
ഡാർനൈസ മെട്രോ സ്റ്റേഷന് സമീപത്തെ ഫ്ലാറ്റിന്‍റെ എതിർവശത്തുള്ള ബോംബ് ഷെൽട്ടറിലാണ് ഇവർ ഇപ്പോഴുള്ളത്. വെള്ളവും ഭക്ഷണവും തീർന്നുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഭക്ഷണം മാത്രമാണ് തങ്ങളുടെ കയ്യിൽ ശേഷിക്കുന്നത്. ഫോണുകളിൽ ചാർജില്ല. വൈദ്യുതി ബന്ധമോ ചാർജ് ചെയ്യുവാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് കൊണ്ട് തന്നെ ഫോണിൽ ബന്ധപ്പെടുവാൻ കഴിയാതെ സാഹചര്യമാണുള്ളത്. ഇന്ത്യൻ സമയം രാവിലെ 07:30 മുതൽ മിസൈൽ ആക്രമണം ആരംഭിച്ചിട്ടുണ്ടെന്നും തങ്ങളുടെ അവസാന വിശ്വാസം ഇന്ത്യൻ സർക്കാരിലാണെന്നും വിദ്യാർഥികൾ പറയുന്നു.
അതിശക്തമായ തണുപ്പും മഞ്ഞുവീഴ്‌ചയും അനുഭവപ്പെടുന്നുണ്ട്. മൈനസ് മൂന്ന് ഡിഗ്രിയാണ് നിലവിലെ കാലാവസ്ഥ. എത്രനേരം തങ്ങൾക്ക് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. അതിർത്തിയുമായി ബന്ധപ്പെട്ടു. കീവിലായത് കൊണ്ട് നിലവിൽ രക്ഷാപ്രവർത്തനം സാധ്യമല്ലെന്നാണ് ലഭിച്ച മറുപടിയെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
സുരക്ഷിതമായി ഇരിക്കണമെന്നാണ് യുക്രൈൻ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ നിർദേശം. വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നത് കൊണ്ട് തന്നെ രക്ഷിതാക്കളും ആശങ്കയിലാണ്. ഇന്ത്യൻ സർക്കാർ ഇടപെട്ട് തങ്ങളെ രക്ഷിക്കണമെന്നാണ് വിദ്യാർഥികളുടെ അഭ്യർഥന.
READ MORE: രണ്ടാം ദിനവും യുക്രൈനിൽ ആക്രമണം തുടർന്ന് റഷ്യ : ആശങ്ക പങ്കുവെച്ച് രക്ഷിതാക്കൾ