ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. പള്ളിപ്പുറം മലബാർ സിമന്‍റ് ഫാക്‌ടറിക്ക് എതിർവശത്തുള്ള ഫേസ് പാനൽ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലർച്ചെ തീപിടിച്ചത്. 5 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ ഫാക്‌ടറി പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
ഇവിടെ പുലർച്ചെ ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഉണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചേർത്തല, അരൂർ എന്നിവിടങ്ങളിലെ യൂണിറ്റുകൾ കൂടാതെ ആലപ്പുഴ, തകഴി, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് യൂണിറ്റ് ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിരുന്നു.
നൂറിലധികം ഇതര സംസ്ഥാന തൊഴിലാളികൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇതിനോട് ചേർന്നുതന്നെയാണ് തൊഴിലാളികൾ താമസിക്കുന്നത്. ഇവിടേക്ക് തീ പടരാത്തത് വൻ അപകടം ഒഴിവാക്കി.
ALSO READ: സുധാകരനെതിരായ പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സി.വി വർഗീസ്; ന്യായീകരിച്ച് എം.എം മണി
കമ്പനിയുടെ ഗോഡൗൺ അടക്കം ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ അഗ്നിശമന സേനയും പരിശോധന നടത്തുന്നുണ്ട്.