ആലപ്പുഴ: കൊവിഡ് രോഗികളുടെ മരണം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കാതിരുന്നത് വിവാദമായതിന് പിന്നാലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. വ്യവസ്ഥിതിയുടെ ആകെയുള്ള കുഴപ്പം കൊണ്ട് സംഭവിച്ച അനിഷ്ട സംഭവങ്ങളെ ഓരാളുടെ തലയില്‍ മാത്രം കൊണ്ട് വയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെജിഎംസിടിഎ പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ സംവിധാനങ്ങള്‍ അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗികള്‍ക്കായി മാത്രം പരിമിതപ്പെടുത്തണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതും പ്രവര്‍ത്തന സംവിധാനത്തെ അടിമുടി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
താങ്ങാവുന്നതിന് അപ്പുറം ഭാരം വഹിക്കേണ്ടി വന്നാല്‍ എത്ര കരുത്തുറ്റ സംവിധാനവും തളരും. ആ തളര്‍ച്ച ഒരുപക്ഷെ ഇത്തരത്തിലുള്ള വീഴ്‌ചകള്‍ക്ക് കാരണമാകാമെന്നും സംഘടന വിമര്‍ശിച്ചു. സ്വമേധയ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച സൂപ്രണ്ടിന്‍റെ സ്ഥാനമാറ്റത്തെ ശിക്ഷാനടപടിയായി ചിത്രീകരിക്കുന്നതിനെ അപലപിക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു.
കൊവിഡ് രോഗികളുടെ മരണം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ഉള്‍പ്പെടെ ആശുപത്രിക്ക് എതിരെ തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്നിരുന്നു. രണ്ട് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ വിവരമറിയിച്ചത്. കൊല്ലം കാവനാട് വാലുവിള ദേവദാസ്, ചെങ്ങന്നൂര്‍ പെണ്ണുക്കര കവിണോടിയില്‍ തങ്കപ്പന്‍ എന്നിവരുടെ മരണവിവരമാണ് യഥാസമയം ബന്ധുക്കളെ അറിയിക്കാതിരുന്നത്.
ബന്ധുക്കള്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നിട്ടും മരണം അറിയിച്ചിരുന്നില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ രാംലാലിനെ മാറ്റിയത്. ഡോ. സജീവ് ജോര്‍ജ് പുളിക്കലാണ് പുതിയ സൂപ്രണ്ട്.
Read more: കൊവിഡ് രോഗി മരിച്ച വിവരം അറിയിച്ചത് 2 ദിവസത്തിന് ശേഷം ; ആശുപത്രിയ്‌ക്കെതിരെ മകള്‍