ആലപ്പുഴ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ആലപ്പുഴ ജില്ലയില്‍ വ്യാപക കൃഷിനാശം. കഞ്ഞിക്കുഴി, മാരാരിക്കുളം, മുഹമ്മ, ചേർത്തല ഭാഗങ്ങളിലെ പച്ചക്കറി കർഷകരെ മഴക്കെടുതി സാരമായി ബാധിച്ചു.
കനത്ത മഴയില്‍ കൃഷിത്തോട്ടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും കാറ്റിൽ വള്ളിപ്പടർപ്പുകള്‍ താഴെ വീണതും കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിച്ചിട്ടുണ്ട്. കൃഷിക്ക് വേണ്ടി എടുത്ത തടങ്ങൾ വെള്ളത്തിൽ മുങ്ങി. സമീപകാലത്ത് ഉണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന മഴയാണ് ഇത്തവണ ലഭിച്ചതെന്നും ഇനിയും മഴ പെയ്‌താല്‍ കൃഷി പൂർണമായും നശിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
ചേർത്തല തെക്ക് തിരുവിഴയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. തിരുവിഴ ദേവസ്വത്തിൻ്റെ നേതൃത്വത്തിൻ്റെ നടക്കുന്ന ഫാം ടൂറിസ പദ്ധതി പ്രദേശത്ത് വെള്ളം കയറി. പാവൽ, പടവലം, പയർ, വെണ്ട, കുക്കുമ്പർ, വഴുതന, കോളിഫ്ലവര്‍, കാബേജ്, തക്കാളി, മുളക്, ചോളം, സൂര്യകാന്തി തുടങ്ങിയ വിളകളാണ് കനത്ത മഴയില്‍ നശിച്ചത്.
7 ലക്ഷം രൂപ മുടക്കിയാണ് ഇവിടെ കൃഷി ചെയ്‌തത്. ആദ്യ വിളവെടുപ്പ് അടുത്ത സമയത്താണ് കാലവര്‍ഷം കര്‍ഷകരെ ചതിച്ചത്. നാശനഷ്‌ടങ്ങളുടെ കണക്കെടുത്ത് സർക്കാർ അടിയന്തരമായി നഷ്‌ടപരിഹാരം നല്‍കണമെന്നാണ് കർഷകരുടെ ആവശ്യം.
Also read: തുലാവർഷത്തില്‍ റെക്കോഡ് മഴയില്‍ മുങ്ങി കേരളം