ആലപ്പുഴ : മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കൊല്ലപ്പെടാനിടയായ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കളങ്കിതനായ വ്യക്തിയെ നിയമിച്ച നടപടി സംസ്ഥാന സർക്കാർ കള്ളന്മാർക്കും കൊലപാതകികൾക്കും കൂട്ടുനിൽക്കുന്നുവെന്നതിന് തെളിവാണെന്ന് ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത കെപിസിസി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു.
ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് മുതൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസിൽ പ്രതിയായ ഒരാൾക്ക് ജില്ലയുടെ മുഴുവൻ ചുമതല നൽകി നിയമിച്ച നടപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.
നിയമനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കഴിഞ്ഞ ദിവസം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ നിയമന ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.