ആലപ്പുഴ : 17 വർഷം മുന്‍പ് ഏഴാം വയസില്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ കണ്ടെന്ന അവകാശവാദവുമായി മുംബൈയില്‍ നിന്ന് കത്ത്. മലയാളിയായ വസുന്ധര ദേവിയാണ് മുംബൈയില്‍ നിന്ന് രാഹുലിൻ്റെ അമ്മ മിനിക്ക് കത്തയച്ചത്. രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ മുംബൈയിലെ ശിവാജി പാർക്കിൽ കണ്ടെന്നാണ് കത്തിലുള്ളത്.
വിനയ് എന്നാണ് കുട്ടി പേര് പറഞ്ഞത്. ഏഴാം വയസിൽ പത്തനംതിട്ടയിലെ അനാഥാലയത്തിൽ എത്തിയതാണെന്നും പിന്നീട് പിതാവിനെ തേടിയാണ് മുംബെയിൽ എത്തിയതെന്നും കുട്ടി വെളിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്.
രാഹുലിൻ്റെ അച്ഛൻ്റെ മരണ വാർത്ത കണ്ടപ്പോഴാണ് രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ കണ്ട കാര്യം ഓർമ വന്നതെന്നും വസുന്ധരയുടെ കത്തിലുണ്ട്. ഫോട്ടോയ്ക്ക് രാഹുലുമായി ഏറെ സാമ്യമുണ്ടെന്ന് അമ്മ മിനി പറയുന്നു. കത്തും ഫോട്ടോയും മിനി ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി ജയദേവിന് കൈമാറി.
2005 മേയ് 18നാണ് ആലപ്പുഴ ആശ്രാമത്തെ വീടിനടുത്തുള്ള ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന രാഹുലിനെ കാണാതാകുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് സിബിഐയും വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും രാഹുൽ തിരോധാന കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. രാഹുലിനെ കാണാതായി 17 വർഷം പൂർത്തിയായതിൻ്റെ തൊട്ടടുത്ത ദിവസമാണ് അച്ഛൻ രാജു ആത്മഹത്യ ചെയ്‌തത്.