ആലപ്പുഴ: അരൂരില്‍ യുഡിഎഫ് ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പേ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് അഡ്വ.ഷാനിമോൾ ഉസ്മാൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താൻ അരൂരിൽ മത്സരിക്കുന്നതായി ഷാനിമോള്‍ പ്രഖ്യാപിച്ചത്. ഹൈക്കമാന്‍റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ച ശേഷം സ്ഥാനാർഥികളെ മുന്നണി നേതാക്കളോ പാർട്ടി അധ്യക്ഷന്മാരോ പ്രഖ്യാപ്പിക്കുന്നതാണ് കോൺഗ്രസിലെ പതിവ് രീതി. എന്നാല്‍ ഇതെല്ലാം തെറ്റിച്ച് ഷാനിമോള്‍ നടത്തിയ പ്രഖ്യാപനം മുന്നണി പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
'കെപിസിസി പ്രസിഡന്‍റ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ സ്ഥാനാർഥിയായി തന്നെയാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാവും എന്നാണ് അറിയാൻ കഴിഞ്ഞത്. യുഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഷാനിമോൾ പറഞ്ഞു'. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും ശബരിമല ഉൾപ്പെടെയുള്ള വിശ്വാസികളുടെ പ്രശ്നങ്ങളും അരൂർ ഉപതെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കുമെന്നും ഷാനിമോൾ വ്യക്തമാക്കി.
'പാലായിലെ എൽഡിഎഫിന്‍റെ വിജയം ഒരുതരത്തിലും അരൂരിൽ പ്രതിഫലിക്കില്ല. പാലായിൽ ഇപ്പോൾ നിലവിലുള്ളത് പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ്. ഇക്കാര്യം യുഡിഎഫ് നേതാക്കൾ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിൽ പരസ്പരം ഉണ്ടായ പ്രശ്നങ്ങളാണ് പാലായിലെ ദൗർഭാഗ്യകരമായ തോൽവിക്ക് കാരണമെന്നും മറ്റ് ഉപതെരഞ്ഞെടുപ്പ് ഫലം പാലായിലെ തോൽവിയെ ആശ്രയിച്ചായിരിക്കില്ലെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു.