ഭവന വായ്‌പകൾ അടച്ചുതീർക്കുന്നത് പലർക്കും വെല്ലുവിളിയാണ്. ദീർഘകാല ഭവന വായ്‌പകളുടെ ഉയർന്ന പലിശനിരക്കിൽ നിന്നും ഹ്രസ്വകാല ആശ്വാസം കണ്ടെത്താൻ ആളുകൾ ഇഎംഐ തുക (പ്രതിമാസ തവണകൾ) കുറയ്ക്കുക, ലോൺ കാലാവധി വർധിപ്പിക്കുക തുടങ്ങി വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നു. എന്നാൽ ഇത്തരം മാർഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ പണം നഷ്‌ടപ്പെടുന്നതിന് കാരണമാകും. പണം കൈകാര്യം ചെയ്യുന്നത് പുനഃക്രമീകരിക്കുകയും കുറഞ്ഞ പലിശയുള്ള ചെറുകിട സമ്പാദ്യങ്ങളും നിക്ഷേപങ്ങളും ഭവന വായ്‌പ അടയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്‌താൽ ഭവന വായ്‌പ മൂലമുണ്ടാകുന്ന ബാധ്യതകൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
പലിശനിരക്കുകൾ വർധിക്കുന്നതും ചുരുങ്ങിയ കാലയളവിനുള്ളിൽ റിപ്പോ നിരക്കുകൾ നാലിരട്ടി വരെ വർധിക്കുന്നതും വായ്‌പ തിരിച്ചടവിന് വെല്ലുവിളി സൃഷ്‌ടിക്കുകയാണ്. പണപ്പെരുപ്പം വർധിക്കുന്നത് പലിശനിരക്കിൽ തുടർച്ചയായ വർധനവിന് കാരണമാകും. ആസൂത്രണത്തിലുണ്ടാകുന്ന അപാകതകൾ കാരണം വിരമിച്ചതിന് ശേഷവും ആളുകൾക്ക് വായ്‌പ തിരിച്ചടവിന്‍റെ ഭാരം വഹിക്കേണ്ടി വരും.
ബാധ്യതയായി ദീർഘകാല വായ്‌പകൾ: 15 മുതൽ 20 വർഷം വരെ നീണ്ടുനിൽക്കുന്ന ദീർഘകാല പലിശ ബാധ്യതയാണ് ഭവന വായ്‌പ. ഈ കാലയളവിലുടനീളം പലിശ നിരക്ക് കൂടുകയും കുറയുകയും ചെയ്യാം. അടുത്തിടെയായി വർധിച്ചുവരുന്ന പലിശനിരക്ക് പുതുതായി വായ്‌പ എടുക്കുന്നവരുടെ ഇഎംഐകൾ വർധിക്കുന്നതിന് കാരണമാകുന്നു. ഇത് വായ്‌പ കാലാവധി മാസങ്ങളോളമോ വർഷങ്ങളോളമോ വർധിക്കുന്നതിനും കാരണമാകുന്നു. ദീർഘകാല വായ്‌പകൾ നിശ്ചിത കാലയളവിന് മുൻപ് അവസാനിപ്പിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.
ആസൂത്രണം പ്രധാനം: സാധാരണയായി, ഇഎംഐ അടയ്ക്കാൻ കഴിയുന്ന നിലവിലെ ശേഷിയുടെ അടിസ്ഥാനത്തിൽ ആളുകൾ ആവശ്യത്തിലധികം തുക ലോൺ എടുക്കാറുണ്ട്. ഇത് ആദ്യഘട്ടങ്ങളിൽ വലിയ ബാധ്യതയായി തോന്നില്ലെങ്കിലും പലിശനിരക്ക് വർധിക്കുന്നതനുസരിച്ച് തിരിച്ചടവ് പലമടങ്ങ് വർധിക്കും. ഇത്തരത്തിൽ ആസൂത്രണം ചെയ്യാതെ വായ്‌പയെടുക്കുന്നതിന് പകരം, സ്വന്തം സാമ്പത്തിക സ്ഥിതിയെ കുറിച്ച് ആദ്യം കൃത്യമായ ധാരണ നേടണം.
വായ്‌പകൾ അടയ്ക്കാനും പൊടിക്കൈകൾ: കൈവായ്‌പകളും കുറഞ്ഞ പലിശയിൽ നിക്ഷേപിച്ച തുകകളും ഉയർന്ന പലിശയുള്ള ദീർഘകാല വായ്‌പകൾ അടച്ചുതീർക്കാൻ ഉപയോഗിക്കണം. അതിനുശേഷം മാത്രം ആവശ്യമായ ഏറ്റവും കുറഞ്ഞ തുക ഭവന വായ്‌പ എടുക്കുക. വായ്‌പ എടുക്കുന്നവരുടെ വരുമാനം വർധിക്കുന്നത് അനുസരിച്ച് ഇഎംഐ വർധിപ്പിച്ചാൽ വായ്‌പ കാലാവധി കുറയ്ക്കാൻ സാധിക്കും. പ്രതിവർഷം 5 ശതമാനം എന്ന കണക്കിൽ ഇഎംഐ വർധിപ്പിച്ചാൽ നിശ്ചിത കാലയളവിന് മുൻപ് വായ്‌പ അടച്ചുതീർക്കാൻ കഴിയും. അത് വർധിച്ചുവരുന്ന പലിശഭാരത്തിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കും. ബോണസ് പോലെയുള്ള അധിക വരുമാനങ്ങളും ഭവന വായ്‌പകൾ വേഗത്തിൽ അടച്ചുതീർക്കാൻ ഉപയോഗിക്കാം.
അടവ് വേഗത്തിൽ പൂർത്തിയാക്കാം: നിലവിൽ എല്ലാ ബാങ്കുകളുടെയും ഭവന വായ്‌പകളുടെ പലിശനിരക്കുകൾ 8 മുതൽ 9 ശതമാനം വരെയായി ഉയർന്നിട്ടുണ്ട്. എന്നാൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർന്നിട്ടുമില്ല. അതിനാൽ കുറഞ്ഞ പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾക്ക് പകരം ദീർഘകാല വായ്‌പകൾ അടച്ചുതീർക്കാൻ ആ തുക വിനിയോഗിക്കണം.
ഉദാഹരണത്തിന്, നിങ്ങളുടെ ഭവന വായ്‌പ പലിശ 8.55%, ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്‍റെ പലിശ 7%, വരുമാനം, വരുമാനം 20% ടാക്‌സ് ബ്രാക്കറ്റിനുള്ളിൽ എന്നിങ്ങനെയാണെങ്കിൽ നിക്ഷേപങ്ങളുടെ വാർഷിക വരുമാനം വെറും 5.6% മാത്രമായിരിക്കും. അതിനാൽ അവ ഭവനവായ്‌പ അടച്ചുതീർക്കാൻ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ നിക്ഷേപങ്ങളിലൂടെയുള്ള വരുമാനം ഭവന വായ്‌പ അടയ്ക്കാൻ ഉപയോഗിച്ചാൽ എല്ലാ വർഷവും കുറഞ്ഞത് നാല് ഇഎംഐകളെങ്കിലും അധികമായി അടച്ചുതീർക്കാൻ സാധിക്കും.
പലിശ കുറഞ്ഞ ബാങ്കിലേക്ക് ലോൺ മാറ്റാം: പലിശക്കുറവ് ലഭിക്കാൻ വേണ്ടി ഒരു ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് വായ്‌പ മാറ്റുമ്പോഴും ശ്രദ്ധിക്കണം. ഇരു ബാങ്കുകളും തമ്മിലുള്ള പലിശവ്യത്യാസം 0.5 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കണം. സൂക്ഷ്‌മപരിശോധനയ്ക്കും നടപടിക്രമങ്ങൾക്കും ബാങ്ക് വാങ്ങുന്ന ഫീസും ശ്രദ്ധിക്കണം. ക്രെഡിറ്റ് നിരക്കിലും വരുമാനത്തിലും വർധനവുണ്ടായാൽ പലിശ കുറയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ബാങ്കുമായി ചർച്ച ചെയ്യുക.
ദീർഘകാല ഭവനവായ്‌പ എടുക്കുന്നതിന് മുൻപ് മറ്റ് ചെലവുകൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. എല്ലാ ചെറുകിട സമ്പാദ്യങ്ങളും ബാങ്ക് വായ്‌പ അടയ്ക്കുന്നതിന് മാറ്റിവയ്‌ക്കുക. ഇഎംഐ തുക കൂടുതലാണെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കുക. മറ്റൊരു ബാങ്ക് ഇഎംഐ തുക കുറച്ചുനൽകാൻ തയാറായാൽ ലോൺ ആ ബാങ്കിലേക്ക് മാറ്റുന്നത് പരിഗണിക്കുക. ഭാവിയിൽ ഉണ്ടായേക്കാവുന്ന പലിശനിരക്കിലെ വർധനവ് പരിഗണിച്ച് ഇഎംഐ തുകയുടെ 10 മുതൽ 15 ശതമാനം വരെ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുക. ചെലവുകൾക്ക് തുല്യമായ തുകയ്ക്കും മൂന്ന് മുതൽ ആറ് മാസം വരെയുള്ള ഇഎംഐകൾക്കും കണ്ടിൻജൻസി ഫണ്ട് തയാറാക്കുക.