ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിലാണ്. സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുന്ന ഇന്ത്യ പുതിയ നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയാണ് മുന്നേറുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ ഓരോ പൗരനും സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിയുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള വഴിത്തിരിവിലാണ് രാജ്യം.
ഇതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് 'അമൃത് കാൽ'. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്‌ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്‌ക്കുക, കൂടാതെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാകാതിരിക്കാന്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക എന്നതൊക്കെയാണ് അമൃത് കാലത്തിന്‍റെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യത്തിന്‍റെ 100-ാം വർഷത്തിലേക്കുള്ള യാത്രയാണിത്.
ഒരു രാജ്യത്തിന്‍റെ കറൻസിയുടെ മൂല്യം ആ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെയാണ് സൂചിപ്പിക്കുന്നത്. ഓരോ ദിവസവും നമ്മുടെ കൈകളിലൂടെ കടന്ന് പോകുന്ന കറൻസിക്ക് പിന്നിലുള്ള ചരിത്രം എന്താണെന്ന് നോക്കാം.
രൂപ സ്വതന്ത്ര ഇന്ത്യയിൽ: സമ്പദ്‌വ്യവസ്ഥയുടെ മറ്റ് വശങ്ങൾ മാറ്റിനിർത്തിയാൽ, 1947 മുതൽ ഇന്ത്യൻ രൂപ ഉയർച്ച താഴ്‌ചകളിലൂടെയാണ് കടന്ന് പോയത്. 1960ലെ ഭക്ഷ്യ-വ്യാവസായിക ഉത്‌പാദനത്തിലെ മാന്ദ്യത്തിന്‍റെ ഫലമായി കനത്ത സാമ്പത്തിക സമ്മർദമാണ് രാജ്യം നേരിട്ടത്. ഇത് രൂപയുടെ മൂല്യത്തെ പിന്നോട്ട് വലിച്ചു.
ഭക്ഷ്യ ക്ഷാമത്തെ തുടർന്ന് ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഇറക്കുമതി വർധിച്ചതോടെ രാജ്യത്തിന്‍റെ ചെലവ് വർധിച്ചു. ഇത് ബാലൻസ് ഓഫ് പേയ്‌മെന്‍റ് പ്രതിസന്ധിക്ക് കാരണമായി. ഇതോടെ രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരം ഇല്ലാതായി.
അടിയന്തരാവസ്ഥയും ഇന്ത്യൻ രൂപയും: ഇന്ദിരാഗാന്ധി സർക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രൂപയുടെ മൂല്യം കുത്തനെ ഇടിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 4.76 രൂപയിൽ നിന്ന് 7.5 രൂപയായി കുറഞ്ഞു. 1991-ൽ ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്.
ഇറക്കുമതിക്ക് പണം നൽകാനും വിദേശ കടബാധ്യതകൾ തിരിച്ചടക്കാനും കഴിയാതെ വന്നതോ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്‌ടിച്ചത്. പ്രതിസന്ധി മറികടക്കാൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപയുടെ മൂല്യം രണ്ട് തവണയാണ് കുത്തനെ താഴ്‌ത്തിയത്. മൂല്യത്തകർച്ചയ്‌ക്ക് ശേഷം, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 26 ആയിരുന്നു.
ഇന്ത്യൻ രൂപയും ഡോളർ: സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രൂപയുടെ മൂല്യം അന്നത്തെ ബെഞ്ച്‌മാർക്ക് കറൻസിയായ പൗണ്ട് സ്‌റ്റെർലിംഗിന് 4 രൂപയായിരുന്നു. എന്നാൽ ഇന്ന് യുഎസ് ഡോളറിന് ഏകദേശം 79 രൂപ മുതൽ 80 രൂപ വരെയായി. കഴിഞ്ഞ 75 വർഷത്തിനിടെ രൂപയുടെ മൂല്യം 75 രൂപയാണ് കുറഞ്ഞത്.