സൈബര്‍ കുറ്റകൃത്യങ്ങള്‍ ആശങ്കയുളവാക്കുന്ന രീതിയില്‍ രാജ്യത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. പല ആളുകള്‍ക്കും അവരുടെ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമാണ് ഈ കുറ്റകൃത്യങ്ങളില്‍ നഷ്‌ടപ്പെടുന്നത്. ജാഗ്രതക്കുറവാണ് സൈബര്‍ കുറ്റവാളികള്‍ക്ക് അനുഗ്രഹമാകുന്നത്.
ബാങ്ക് ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക എന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരയായി തീരാതിരിക്കാന്‍ ആത്യാവശ്യമാണ്. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഈ അടുത്തകാലത്തായി വര്‍ധിച്ചിരിക്കുകയാണ്. ഇന്‍ഷുറന്‍സ് പോളിസി ഉടമകളെ വിളിച്ച് അവരുടെ പോളിസികള്‍ റദ്ദാക്കപ്പെടുന്നതിന്‍റെ വക്കിലാണെന്നും റദ്ദാക്കപ്പെടാതിരിക്കാന്‍ പണം അടയ്‌ക്കണമെന്നും പറഞ്ഞുള്ള തട്ടിപ്പുകള്‍ ധാരളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേപോലെ തന്നെയാണ് ക്ലെയിം ലഭിക്കണമെങ്കില്‍ പണം അടയ്‌ക്കണം എന്ന് പറഞ്ഞുള്ള തട്ടിപ്പുകളും. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണെന്ന വ്യാജേന നിരവധി ഇമെയിലുകളും മെസേജുകളും തട്ടിപ്പുകാര്‍ പോളിസി ഉടമകള്‍ക്ക് അയക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് അവര്‍ ഒരു ലിങ്ക് പോളിസി ഉടമയ്‌ക്ക് അയക്കുകയും പോളിസി നിലനിര്‍ത്തണമെങ്കില്‍ പ്രീമിയം അടയ്‌ക്കണമെന്നും ആവശ്യപ്പെടും.
സാധാരണയായി പോളിസിയുടെ കാലാവധി തീരുന്നതിന് ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് മുമ്പായിരിക്കും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ അയക്കുക. ഇന്‍ഷുറന്‍സ് കമ്പനി ഒരിക്കലും പണം അടയ്‌ക്കാന്‍ ആവശ്യപ്പെട്ട് അത്തരം ലിങ്കുകള്‍ അയക്കില്ല എന്നുള്ള കാര്യം നമ്മള്‍ തിരിച്ചറിയണം. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടനെ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ സെന്‍ററുമായി ബന്ധപ്പെടേണ്ടതുണ്ട്.
ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പല ആളുകളും ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ യൂസര്‍ ഐഡി, ഡീമാറ്റ് അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡ് എന്നിവയില്‍ അതിയായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇമെയില്‍ ലിങ്കുകള്‍ അയച്ചും, മാല്‍വേയര്‍, കീലോഗിങ് സോഫ്‌റ്റ്‌വെയര്‍, സ്‌പൈവെയര്‍ എന്നിവ ഉപയോഗിച്ചും നിങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ തട്ടിപ്പുകാര്‍ ട്രാക്ക് ചെയ്യുമെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതില്‍ ജാഗ്രത പുലര്‍ത്തണം.
ഫ്രീ വൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശക്തമായ പാസ്‌വേര്‍ഡ് ഉണ്ടാകുക എന്നതും പ്രധാനമാണ്. പാസ്‌വേര്‍ഡ് ആരുമായും പങ്കുവയ്‌ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നിശ്ചിത ഇടവേളകളില്‍ പാസ്‌വേര്‍ഡ് മാറ്റണം.
പോളിസികളെ കുറിച്ച് ശരിയായി അറിഞ്ഞിരിക്കുക: ഇന്‍ഷുറന്‍സ് ഉടമകളുടെ നോമിനികളെയും കബളിപ്പിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ക്ലെയിം തുക കിട്ടുന്നതിനായി ആദ്യഘട്ടത്തില്‍ ഒരു തുക അടയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഇത്തരം തട്ടിപ്പുകളിലെ പ്രധാനപ്പെട്ട രീതി. നോമിനിയോട് അത്തരത്തിലൊരു തുക അടയ്‌ക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനി ഒരിക്കലും ആവശ്യപ്പെടുകയില്ല.
ഇങ്ങനെ ക്ലേയിം തുക കിട്ടുന്നതിനായി ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട ഇന്‍ഷൂറന്‍സ് കമ്പനിയെ ഈ കാര്യം അറിയിക്കേണ്ടതാണ്. ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ അതിനെകുറിച്ചുള്ള എല്ലാ വിവരവും അറിഞ്ഞിരിക്കേണ്ടത് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുന്നതിന് ആവശ്യമാണ്. ഏത് തരത്തിലുള്ള പോളിസിയാണ്, പ്രീമിയം എത്രയാണ് എന്നിവയെ കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ ഉടനെ അറിയിക്കേണ്ടതും അത്യാവശ്യമാണ്.