ഒരു വീടോ കാറോ വാങ്ങാൻ ആഗ്രഹിക്കുമ്പോൾ വായ്‌പയ്‌ക്കായി നമ്മള്‍ ബാങ്കുകളെ സമീപിക്കുന്നു. ഒരു അപ്രതീക്ഷിത ആവശ്യം ഉണ്ടാകുമ്പോൾ, പലിശ നിരക്ക് അൽപ്പം കൂടുതലാണെങ്കിലും നമ്മള്‍ വ്യക്തിഗത വായ്‌പയ്‌ക്കും അപേക്ഷിക്കുന്നു. നമ്മുടെ വായ്‌പ അപേക്ഷയിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിയാലും ചിലപ്പോൾ ബാങ്ക് അത് നിരസിച്ചേക്കാം. അത്തരമൊരു സാഹചര്യത്തെ എങ്ങനെ മറികടക്കാം?
പലിശ നിരക്ക് വർധിച്ചുവരികയാണ്. അതേസമയം റീട്ടെയിൽ വായ്‌പകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, ബാങ്കുകൾ ഓരോ അപേക്ഷയും സൂക്ഷ്മമായി പരിശോധിക്കുന്നു. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ലോൺ അപേക്ഷ നിരസിക്കപ്പെട്ടാൽ, ആദ്യം അതിന്‍റ കാരണങ്ങൾ കണ്ടെത്തണം.
വായ്‌പ നിരസിക്കാനുള്ള കാരണങ്ങള്‍: ബാങ്കോ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയോ (NBFC) സാധാരണയായി ഒരു ലോൺ അപേക്ഷ നിരസിക്കാനുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തമാക്കും. കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ, അപര്യാപ്തമായ വരുമാനം, നിലവിലെ നിങ്ങള്‍ അടയ്‌ക്കേണ്ട മാസത്തവണകള്‍(ഇഎംഐ) നിങ്ങളുടെ വരുമാനത്തിന്‍റെ 50 ശതമാനത്തിലധികം വരുന്നത്, ഇടയ്‌ക്കിടെയുള്ള ജോലി മാറ്റം എന്നിവ നിങ്ങളുടെ ലോണ്‍ അപേക്ഷ നിരസിക്കാനുള്ള കാരണങ്ങളാണ്. ക്രെഡിറ്റ് റിപ്പോർട്ടിലെ പിശകുകളും ചിലപ്പോൾ നിങ്ങളുടെ ലോൺ അപേക്ഷ നിരസിക്കുന്നതിലേക്ക് വഴിവെക്കും.
ഒരു നല്ല ക്രെഡിറ്റ് റിപ്പോർട്ട് നിങ്ങള്‍ക്ക് ഉണ്ട് എന്ന് ഉറപ്പാക്കണം. മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കുന്നതിന്, നിലവിലുള്ള ലോണുകളുടെ തവണകൾ കൃത്യസമയത്ത് അടച്ചിരിക്കണം. 750-ന് മുകളില്‍ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കില്‍ നിങ്ങളുടെ ലോൺ അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത കുറയും. അതുകൊണ്ട് തന്നെ സ്കോർ വർദ്ധിപ്പിക്കാൻ ശ്രമിക്കുക.
ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടത്: സമയബന്ധിതമായി ഇഎംഐയും ക്രെഡിറ്റ് കാർഡ് ബില്ലുകളും അടയ്ക്കുകയാണെങ്കില്‍ സ്കോർ ക്രമേണ വർദ്ധിക്കും. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം കുറയ്‌ക്കുക. നിലവിലുള്ള ക്രെഡിറ്റ് കാർഡുകൾ റദ്ദാക്കുന്നത് ഒഴിവാക്കുക. പുതിയ കാർഡുകൾക്കായി അപേക്ഷിക്കുന്നത് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
നിങ്ങള്‍ പുതുതായി അപേക്ഷിച്ച ധനകാര്യ സ്ഥാപനം നിങ്ങളുടെ നിലവിലുള്ള വായ്‌പകളും അവയിൽ അടയ്ക്കുന്ന ഇഎംഐകളും പരിശോധിക്കും. നിങ്ങളുടെ നിലവിലെ ഇഎംഐകൾ നിങ്ങളുടെ മൊത്തം വരുമാനത്തിന്‍റെ 45-50 ശതമാനത്തിൽ കൂടരുത്. നിങ്ങളുടെ വരുമാനവും ഇഎംഐയും തമ്മിലുള്ള അനുപാതം ഇതിനകം ഈ നിലയിൽ എത്തിയാൽ, ബാങ്കുകൾ പുതിയ വായ്‌പ നൽകുന്നത് പരിഗണിക്കില്ല.
നിങ്ങൾ ലോണിനോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോഴെല്ലാം, ഇവയുടെ വിശദാംശങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വായ്പകൾക്ക് അപേക്ഷിക്കുന്നത് ഒരിക്കലും നല്ലതല്ല. ഒരു തവണ നിങ്ങളുടെ വായ്‌പ അപേക്ഷ നിരസിക്കപ്പെട്ടാല്‍ അത് തന്നെ ആവർത്തിക്കുന്ന സാഹചര്യം ഉണ്ടാകും. അതിനാൽ, ഒരേ സമയം വായ്‌പയ്‌ക്കായി രണ്ടോ മൂന്നോ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കരുത്.
ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ശ്രദ്ധവെക്കുക: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ഒരോമാസവും നിങ്ങൾക്ക് ലഭിക്കാനുള്ള സാഹചര്യം ഉണ്ട്. നിലവില്‍ പല കമ്പനികളും ഈ സേവനം സൗജന്യമായി നൽകുന്നുണ്ട്. നിങ്ങളുടെ വായ്പയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉൾപ്പെടുന്നു.
കുറഞ്ഞ ക്രെഡിറ്റ് സ്കോർ കാരണം നിങ്ങളുടെ ലോൺ അപേക്ഷ നിരസിക്കപ്പെടുകയാണെങ്കില്‍ സ്കോർ 750 ൽ എത്തുന്നതുവരെ, പുതിയ വായ്‌പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കരുത്. സ്കോർ വർദ്ധിക്കുന്നതിനായി കുറഞ്ഞത് 4-12 മാസമെങ്കിലും കാത്തിരിക്കുക.