ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രനിരക്കിന് വ്യോമയാന മന്ത്രാലയം നിശ്ചയിച്ച കുറഞ്ഞ പരിധിയും കൂടിയ പരിധിയും ഓഗസ്റ്റ് 31ന് അവസാനിക്കും. 27 മാസങ്ങള്‍ക്ക് ശേഷമാണ് ഈ പരിധി വ്യോമയാന മന്ത്രാലയം പിന്‍വലിക്കുന്നത്. വിമാന ഇന്ധനത്തിന്‍റെ ദിവസേനയുള്ള ആവശ്യകതയും വിലയും വിശദമായി വിലയിരുത്തിയതിന് ശേഷമാണ് വിമാന യാത്രനിരക്കിന് ഏര്‍പ്പെടുത്തിയ പരിധി എടുത്ത് കളഞ്ഞതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റുചെയ്‌തു.
ഇനി സർക്കാർ നിയന്ത്രണമില്ല: പുതിയ തീരുമാന പ്രകാരം ആഭ്യന്തര സർവീസുകളില്‍ ഓരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ നിരക്ക് വിമാനക്കമ്പനികൾക്ക് തീരുമാനിക്കാം. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ടിക്കറ്റ് നിരക്ക് നിശ്‌ചയിക്കുന്നതില്‍ സർക്കാർ ഇടപെട്ടു തുടങ്ങിയത്. യാത്ര ചെയ്യുന്ന സമയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ടിക്കറ്റ് നിരക്ക് നിശ്‌ചയിച്ചിരുന്നത്.
ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികൾക്ക് നഷ്‌ടമുണ്ടാകുന്നത് തടയാനും അമിത ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനുമായിരുന്നു സർക്കാർ ഇടപെടല്‍ നടത്തിയത്. എന്നാല്‍ കൊവിഡിന് ശേഷമുള്ള പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ ഇടപെടല്‍ വിലങ്ങുതടിയാണെന്നാണ് വിമാനക്കമ്പനികളുടെ വാദം. നിരക്ക് നിയന്ത്രിക്കുന്നത് നീക്കിയാല്‍ കമ്പനികൾക്ക് ആശ്വാസമാണെന്ന വാദം സർക്കാർ അംഗീകരിക്കുകയായിരുന്നു.
അതേസമയം, നിരക്ക് നിശ്ചയിക്കാനുള്ള പൂർണ അധികാരം വിമാനക്കമ്പനികൾക്ക് നല്‍കുന്നത് ആഭ്യന്തര യാത്രയുടെ ചെലവ് വർധിപ്പിക്കുമെന്ന പ്രചാരണവും ശക്തമാണ്. വിമാനക്കമ്പനികൾക്കുണ്ടായ കൊവിഡ് പ്രതിസന്ധിയുടെ ഭാരം പൂർണമായി യാത്രക്കാരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് നിരക്ക് നിശ്‌ചയിക്കുന്നതിലെ നിയന്ത്രണം ഒഴിവാക്കിയതെന്നും വാദമുണ്ട്.
മന്ത്രിയുടെ വാദം: എടിഎഫ് (വിമാന ഇന്ധനം) വിലയില്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും ആഭ്യന്തര വ്യോമയാന മേഖല വളര്‍ച്ചയുടെ പാതയിലാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എടിഎഫ് വില കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കുറഞ്ഞുവരികയാണ്. എടിഎഫിന്‍റെ വില സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നിരുന്നു. കഴിഞ്ഞി ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ യുക്രൈന്‍ യുദ്ധമാണ് ഇതിന് പ്രധാനകാരണം. ഈ മാസം ഒന്നാം തീയതി എടിഎഫിന്‍റെ വില ഒരു കിലോ ലിറ്ററിന് 1.21 ലക്ഷം രൂപയായിരുന്നു. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 14 ശതമാനം കുറവാണ് ഇത്.
നിയന്ത്രണം ഇങ്ങനെയായിരുന്നു: ഏറ്റവും കുറഞ്ഞ ആഭ്യന്തര വിമാന നിരക്കിനും ഏറ്റവും കൂടിയ നിരക്കിനും യാത്ര സമയത്തിന്‍റെ അടിസ്ഥാനത്തില്‍ 2020 മെയ് 25 മുതലാണ് വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചത്. നിലവില്‍ 40 മിനിട്ടില്‍ കുറവുള്ള യാത്രയ്‌ക്ക് എയര്‍ലൈന്‍സുകള്‍ യാത്രക്കാരനില്‍ നിന്ന് 2,900 രൂപയില്‍ (ജിഎസ്‌ടി കൂട്ടാതെ) കുറവോ 8,800 രൂപയില്‍ (ജിഎസ്‌ടി കൂട്ടാതെ) കൂടുതലോ ഈടാക്കാന്‍ പാടില്ല. കുറഞ്ഞ പരിധി നിശ്ചയിച്ചത് സാമ്പത്തികമായി ദുര്‍ബലമായ എയര്‍ലൈനുകളെ സംരക്ഷിക്കാനാണ്. കൂടിയ പരിധി നിശ്ചയിച്ചത് യാത്രക്കാരെ ഉയര്‍ന്ന നിരക്കില്‍ നിന്ന് സംരക്ഷിക്കാനും.