ന്യൂഡല്‍ഹി : രാജ്യത്തെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. ലേലത്തിലൂടെ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചത് 1,50,173 കോടി രൂപയാണ്. രാജ്യത്തെ ആദ്യത്തെ 5ജി സ്പെക്ട്രം ലേലം നീണ്ടുനിന്നത് ഏഴ് ദിവസമാണ്.
ജൂലൈ 26നാണ് ലേലം ആരംഭിച്ചത്. നാല്‍പ്പത് റൗണ്ടാണ് ലേലം നടന്നത്. അവസാന ദിവസമായ ഇന്ന്(0108.2022) 43 കോടി രൂപയാണ് ലഭിച്ചത്. ലേലം തുടങ്ങി ജൂലൈ 26ന് തന്നെ 1.45 ലക്ഷം കോടി സര്‍ക്കാറിന് ലഭിച്ചു. ആദ്യ ദിവസം നാല് റൗണ്ട് ലേലമാണ് നടന്നത്.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റിലയന്‍സ് ജിയോ ഉള്‍പ്പടെ നാല് കമ്പനികളാണ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക് എന്നിവയാണ് ലേലത്തില്‍ പങ്കെടുത്ത മറ്റ് കമ്പനികള്‍.
റിലയന്‍സ് ജിയോവിന് ശേഷം ഭാരതി എയര്‍ടെല്ലാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത്. ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ കമ്പനികള്‍ ഹാജരാക്കിയ ഇഎംഡിയില്‍(ഏര്‍ണസ്‌റ്റ് മണി ഡപ്പോസിറ്റ്) ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചത് റിലയന്‍സ് ജിയോ ആണ്. 14,000 കോടിയാണ് റിലയന്‍സ് ജിയോ ഇഎംഡിയില്‍ നിക്ഷേപിച്ചത്.
ഭാരതി എയര്‍ടെല്‍ 5,500 കോടി രൂപയും വൊഡാഫോണ്‍ 2,200 കോടിയും അദാനി നെറ്റ്‌വര്‍ക്‌സ് 100 കോടിയും ഇഎംഡിയായി ഹാജരാക്കി. ഇഎംഡിയിലൂടെയാണ് എലിജിബിലിറ്റി പോയിന്‍റ് ലഭിക്കുന്നത്. ഒരു പ്രത്യേക സര്‍ക്കിളിലെ നിശ്ചിത അളവില്‍ സ്‌പെക്ട്രം ലേലം വിളിക്കാന്‍ സാധിക്കുക ഈ എലിജിബിലിറ്റി പോയിന്‍റിന്‍റെ അടിസ്ഥാനത്തിലാണ്.
14,000 കോടി ഇഎംഡി അടച്ച റിലയന്‍സിന് ലേലത്തിനുള്ള എലിജിബിലിറ്റി പോയിന്‍റായി നിശ്ചയിച്ചത് 1,59,830 ആണ്. ഭാരതി എയര്‍ടെല്ലിന് 66,330 ഉം വൊഡാഫോണിന് 29,370 ഉം എലിജിബിലിറ്റി പോയിന്‍റുകള്‍ ഉണ്ട്. അദാനി ഡാറ്റ നെറ്റ്‌വര്‍ക്‌സിനുള്ള എലിജിബിലിറ്റി പോയിന്‍റ് 1,650ആണ്.