ന്യൂഡൽഹി: പ്രധാന പഞ്ചസാര ഉൽപാദന സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഉൽപാദനത്തിൽ കുറവുണ്ടായത് മൂലം ഇന്ത്യയുടെ പഞ്ചസാര ഉൽപാദനം 24 ശതമാനം ഇടിഞ്ഞ് 141.12 ലക്ഷം ടൺ ആയതായി വ്യവസായ സ്ഥാപനമായ ഐഎസ്‌എംഎ അറിയിച്ചു. പഞ്ചസാര ഉല്‍പാദനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 185.59 ലക്ഷം ടൺ ആയിരുന്നു. സാധാരണയായി പഞ്ചസാര വിപണനം നടക്കുന്നത് ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയാണ്. കഴിഞ്ഞ സീസണിൽ 520 മില്ലുകൾ ഉല്‍പാദിപ്പിച്ച 185.59 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് 2020 ജനുവരി 31ലെ കണക്കനുസരിച്ച് രാജ്യത്ത് 446 പഞ്ചസാര മില്ലുകളിലയി 141.12 ലക്ഷം ടൺ പഞ്ചസാര ഉൽപാദിപ്പിച്ചതായി ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ പ്രസ്‌താവനയിൽ പറഞ്ഞു. മഹാരാഷ്ട്രയിൽ 2019-20 വിപണന വർഷത്തിന്‍റെ ആദ്യ നാല് മാസങ്ങളിൽ പഞ്ചസാര ഉൽപാദനം 34.64 ലക്ഷം ടണ്ണായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 70.99 ലക്ഷം ടൺ ആയിരുന്നു.
എന്നാൽ ഉത്തർപ്രദേശിലെ പഞ്ചസാര ഉൽപാദനം 52.86 ലക്ഷം ടണ്ണിൽ നിന്ന് 54.96 ലക്ഷം ടൺ ആയി ഉയർന്നപ്പോൾ കർണാടകയിൽ ഉൽപാദനം 33.76 ലക്ഷം ടണ്ണിൽ നിന്ന് 27.94 ലക്ഷം ടൺ ആയി കുറഞ്ഞു. നടപ്പ് സീസണിന്‍റെ ആദ്യ നാല് മാസങ്ങളിലെ പഞ്ചസാര വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 7-8 ലക്ഷം ടൺ അധികമായിരിക്കും. കഴിഞ്ഞ വർഷം മില്ലുകൾ കണക്കാക്കിയ പഞ്ചസാര വിൽപ്പന 255 ലക്ഷം ടൺ ആയിരുന്നു. ഈ വർഷത്തെ ഉയർന്ന വിൽപ്പന കണക്കിലെടുത്ത് ഈ സീസണിൽ മില്ലുകളുടെ പഞ്ചസാര വിൽപ്പന 260 ലക്ഷം ടൺ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്‌എംഎ പറഞ്ഞു.