ഓരോ ചുവടിലും കയ്‌പ്പുറ്റ അനുഭവങ്ങള്‍ കര്‍ഷകര്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. വിള ഇറക്കുമ്പോള്‍ ലഭ്യമാകേണ്ട വായ്പാ സാധ്യതയുടെ ആദ്യ പടി മുതല്‍ തന്‍റെ വിളകള്‍ക്ക് ലാഭകരമായ വില ലഭിക്കേണ്ടുന്ന അവസാന ഘട്ടം വരെയുള്ള ഓരോ ചുവടിലും അവന്‍റെ ഹൃദയ വേദന വര്‍ദ്ധിച്ചു കൊണ്ടിരിക്കും. വിവിധ ജില്ലകളിൽ നിന്ന് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വിള വായ്പയുടെ പരിധി വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യം ഉയർന്നുവന്നിട്ടും ബാങ്കുകള്‍ ഇപ്പോഴും വിമുഖത കാട്ടുകയാണ്.
ഉദാഹരണത്തിന്, തെലങ്കാനയില്‍ ഏക്കറിന് 57000 രൂപ വീതം വിള വായ്പ നല്‍കണമെന്നാണ് ജില്ലാ അധികാരികള്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. എന്നാല്‍ സംസ്ഥാന തലത്തിലുള്ള ബാങ്കര്‍മാരുടെ കമ്മിറ്റി ഈ വായ്പാ പരിധി ഏക്കര്‍ ഒന്നിന് 38,000 രൂപയില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ആന്ധ്രപ്രദേശിലാകട്ടെ ഒരേക്കര്‍ നെല്‍കൃഷിക്ക് നല്‍കി വരുന്ന വായ്പ പരമാവധി 23,000 രൂപ എന്നാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ഓരോ വര്‍ഷം കഴിയുന്തോറും വിള വായ്പകള്‍ നല്‍കുന്നത് തങ്ങള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് കൊട്ടിഘോഷിക്കാറുണ്ട് ബാങ്കുകള്‍. പക്ഷെ അവര്‍ മുന്നോട്ട് വെക്കുന്ന സ്ഥിതി വിവരകണക്കുകള്‍ പലതും മൂടിവെച്ചു കൊണ്ടുള്ളതാണ്. റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കൊന്നും തെല്ലും വില കല്‍പ്പിക്കാതെ വിള വായ്പകളെ സംബന്ധിച്ചിടത്തോളം കണക്കു പുസ്തകത്തില്‍ ക്രമീകരണങ്ങള്‍ നടത്തി തടിതപ്പുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഒരിക്കല്‍ പോലും ഖരീഫ്, റാബി വിളകള്‍ക്കുള്ള വായ്പകള്‍ അനുവദിക്കപ്പെട്ട പരിധിയില്‍ അവര്‍ വിതരണം ചെയ്തിട്ടില്ല എന്നാണ് പഠനങ്ങള്‍ എല്ലാം വ്യക്തമാക്കുന്നത്.
ബഹുഭൂരിപക്ഷം കര്‍ഷകരും തങ്ങളുടെ വിളകള്‍ക്ക് ആവശ്യമായ ധനസഹായത്തിന് വേണ്ടി ഇപ്പോഴും സ്വകാര്യ പണ ഇടപാട് സ്ഥാപനങ്ങളേയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സഹകരണ സംഘങ്ങളില്‍ നിന്നും സ്ഥാപനവല്‍കൃത വായ്പാ സൗകര്യം ഉപയോഗപ്പെടുത്തുന്ന ഗ്രാമീണ കുടുംബങ്ങളുടെ എണ്ണം വെറും 17 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു എന്ന് വ്യക്തമാകുന്നു.
കൃഷിയിലെ പാമ്പും കോണിയും കളിയില്‍ പാട്ട കര്‍ഷകരാണ് ഓരോ ചുവടിലും അപകടസാധ്യതകള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള ഒരു പദ്ധതിയുടേയും ഗുണഫലം അവര്‍ക്ക് ലഭിക്കില്ല. തെലങ്കാനയിലെ മച്ചിര്യാലില്‍ നിന്നുള്ള ഒരു പാട്ട കര്‍ഷകന്‍റെ ദുരിത കഥ ഇത് പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നു. പാട്ടത്തിനെടുത്ത 30 ഏക്കറിലെ കൃഷിയില്‍ അദ്ദേഹത്തിന് വലിയ നഷ്ടം നേരിട്ടു. തന്‍റെ മകളുടെ കല്യാണത്തിനു വേണ്ടി എടുത്ത വലിയ കടബാധ്യത തിരിച്ചു നല്‍കാന്‍ മറ്റൊരു വഴിയും ഇല്ലാതായപ്പോള്‍ ആ കര്‍ഷകനും കുടുംബവും കൂട്ടത്തോടെ ആത്മഹത്യ ചെയ്തു.
കൃത്യ സമയത്ത് വായ്പകള്‍ ലഭ്യമായാല്‍ കര്‍ഷകന് അവന്‍റെ കൃഷിയുമായി മുന്നോട്ട് പോകുന്നതിനുള്ള വലിയ പ്രചോദനം ലഭിക്കും. ബാങ്കുകള്‍ കര്‍ഷകരെ കൊള്ള പലിശക്കാരായ സ്വകാര്യ വായ്പാ ദായകരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്നതോടുകൂടി അവന്‍റെ കടബാധ്യതകള്‍ കൂടുതല്‍ ഗുരുതരമായി മാറുകയാണ്. കര്‍ഷകര്‍ക്ക് ഉപജീവന മാര്‍ഗം ഉറപ്പാക്കുന്ന മാനുഷിക തലത്തിലുള്ള പരിഷ്‌കാരങ്ങള്‍ വിള വായ്പാ പ്രക്രിയ പരിഷ്‌കരിക്കുന്നതിലൂടെ വേണം തുടങ്ങുവാന്‍. ബാങ്കുകളുടെ പ്രകടനവും അവര്‍ വിള വായ്പ നല്‍കുന്ന നയവുമെല്ലാം മൊത്തത്തില്‍ രൂപപരിണാമം സംഭവിച്ചാല്‍ മാത്രമേ വായ്പ ലഭിക്കാനുള്ള കര്‍ഷകന്‍റെ കഴിവും അതോടൊപ്പം വര്‍ദ്ധിക്കുകയുള്ളൂ.