അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഓണ്‍ലൈൻ പോർട്ടലാണ് ഇ-ശ്രം. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റബേസ് എന്ന നിലയിൽ ആരംഭിക്കുന്ന ഇ-ശ്രം പോർട്ടൽ ഓഗസ്റ്റ് 26ന് പ്രവർത്തനം ആരംഭിക്കും. അതേ ദിവസം തന്നെ തൊഴിലാളികൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത് തുടങ്ങാം.
Also Read: 2022ൽ ഇന്ത്യ കൊവിഡ് വാക്സിൻ കയറ്റുമതി പുനഃരാരംഭിച്ചേക്കും
രാജ്യത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിർമാണ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, വീട്ടുജോലിക്കാർ തുടങ്ങി 38 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളെ ഇ-ശ്രം പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- ഓഗസ്റ്റ് 26 മുതൽ തൊഴിലാളികൾക്ക് തങ്ങളുടെ ആധാർകാർഡും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ച് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
- രജിസ്റ്റർ ചെയ്യുന്നവർക്ക് 12 അക്ക നമ്പർ അടങ്ങിയ ഇ-ശ്രം കാർഡ് നൽകും
- സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ ഈ കാർഡ് ഉപയോഗിക്കാം.
പദ്ധതിയെക്കുറിച്ചുള്ള തൊഴിലാളികളുടെ സംശയങ്ങളും മറ്റും പരിഹരിക്കാൻ 14434 എന്ന ദേശീയ ടോൾ ഫ്രീ നമ്പർ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചിരുന്നു.