ന്യൂഡൽഹി: എസ്എംഇ, റീട്ടെയിൽ മേഖലകൾക്ക് ധനസഹായം നൽകുന്ന ക്യാപിറ്റൽ ഇന്ത്യ വിദ്യാഭ്യാസ വായ്‌പകൾ നൽകുന്ന സ്റ്റാർട്ടപ്പായ ക്രെഡെൻകിൽ നിക്ഷേപം നടത്തും. 25 മില്യൺ യുഎസ് ഡോളറാണ് ക്യാപിറ്റൽ ഇന്ത്യ നിക്ഷേപിക്കുക. ഇന്ത്യയിൽ കോളജ് ഫീസ് ഇനത്തിൽ ഏകദേശം 3.5 ലക്ഷം കോടി രൂപയാണ് ഒരു വർഷം ചെലവ് വരുന്നത്. അതിൽ അഞ്ച് ശതമാനം മാത്രമാണ് സംഘടിത മേഖലയിൽ നിന്നുള്ള വായ്‌പയെന്ന് ക്യാപിറ്റൽ ഇന്ത്യ പ്രൊമോട്ടർ എസ്കെ നർവർ പറഞ്ഞു.
Also Read: ബഹിരാകാശത്തിലേക്ക് ടൂര്‍ പോകണമോ, ഭാഗ്യമുണ്ടെങ്കില്‍ സൗജന്യയാത്ര സാധ്യമാവും
ക്യാപിറ്റർ ഇന്ത്യയുമായുള്ള സഹകരണം ബിസിനസ് വ്യാപിപ്പിക്കാൻ ക്രെഡെൻകിനെ സഹായിക്കും. ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) മോഡൽ ഉപയോഗിച്ച് വിദ്യാർഥികളെ വിലയിരുത്തിയാണ് ക്രെഡെൻക് വായ്‌പ അനുവദിക്കുന്നത്. വായ്‌പയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർഥികളുടെ ഭാവി വരുമാനം ഉൾപ്പടെ ടെക്നോളജിയുടെ സഹായത്തോടെ പ്രവചിക്കുകയാണ് സ്ഥാപനം ചെയ്യുന്നത്.
വിദ്യാർഥികളുടെ സാധ്യതയെയും ഭാവി വരുമാനത്തെയും അടിസ്ഥാനമാക്കിയാണ് വായ്‌പ നൽകുന്നത്. കുടുംബത്തിന്‍റെ നിലവിലുള്ള സാമ്പത്തിക ശേഷി വായ്‌പ അനുവദിക്കുന്നതിനുള്ള മാനദണ്ഡമല്ല. കെ -12 സ്കൂൾ ഫീസ്, ഓൺലൈൻ അപ്-സ്കില്ലിംഗ് കോഴ്‌സുകൾ, ഉന്നത വിദ്യാഭ്യാസം, വിദേശത്തെ പഠനം എന്നിവയ്‌ക്ക് ക്രെഡെൻക് വായ്‌പ നൽകുന്നുണ്ട്. 2025ഓടെ 3,000 കോടി രൂപ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2017 ൽ ആരംഭിച്ച ക്രെഡെൻക് നിലവിൽ 17 നഗരങ്ങളിലായി ആയിരത്തോളം കോളജുകളിൽ പ്രവർത്തിക്കുന്നുണ്ട്.