ഹൈദരാബാദ് / മുംബൈ: ഭൂമിശാസ്ത്ര, രാഷ്ട്രീയ, വാണിജ്യ സംഭവങ്ങൾ ഓഹരി വിപണിയെ സ്വാധീനാക്കാറുണ്ട്. ലോകത്തെ സംഘർഷങ്ങൾ ആദ്യം പ്രതിഫലിക്കുന്നത് എല്ലാ രാജ്യങ്ങളിലേയും ഓഹരി വിപണികളെയാണ്, പ്രത്യേകിച്ച് യുദ്ധസമയങ്ങളിൽ. എന്നാൽ, അനിശ്ചിതത്വങ്ങൾ പരിഹരിക്കപ്പെടുമ്പോള്‍ ഓഹരി വിപണി ക്രിയാത്മകമായി പ്രതികരിക്കും. ദീർഘകാലമായി നിലനിൽക്കുന്ന അയോധ്യ തർക്ക ഭൂമിക്കേസ് അവസാനിച്ചതിനുശേഷം സൂചികകൾ ഉയരുമെന്ന പ്രതീക്ഷയിലാണ് വിപണി വിദഗ്‌ധർ. മൂഡീസ് റിപ്പോർട്ട് സാമ്പത്തിക വളർച്ച സ്ഥിരതയിൽ നിന്ന് ഇടിഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ബിഎസ്‌ഇ സെൻസെക്‌സ് 330 പോയിന്‍റും നിഫ്റ്റി 104 പോയിന്‍റും കുറഞ്ഞ് വിപണിയിൽ കാര്യമായ നഷ്ടം നേരിട്ടു. ഇന്ത്യൻ രൂപ ഡോളറിനെതിരേ 33 പൈസ കുറയുകയും ചെയ്തു.
അയോധ്യ കേസിലെ വിധിക്ക് മുൻപ് തന്നേ വിപണികൾ ഉയർന്നു തുടങ്ങിയിരുന്നു. സുപ്രീം കോടതിയുടെ വിധി വിപണിക്ക് നേട്ടം കൊണ്ട് വരുമെന്നാണ് വിദഗ്‌ധ അഭിപ്രായം. ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ സമ്പദ്‌വ്യവസ്ഥക്ക് ഉണർവാകും വിധിയെന്നാണ് പ്രതീക്ഷ. ഈ വിധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസവും വളർത്തുമെന്നും വിദഗ്‌ധർ പറയുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ സാമ്പത്തിക അഭിവൃദ്ധി കൂടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പരിഷ്കരണത്തിന്‍റെ വേഗത സർക്കാർ വർദ്ധിപ്പിക്കുന്നത് മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണംചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.