മുംബൈ: സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിന്‍റെ പൂർണ നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യവുമായി അഖിലേന്ത്യാ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിലെ അഴിമതിയുടെ പശ്ചാത്തലത്തിലാണ് അസോസിയേഷൻ സഹകരണ ബാങ്കുകളുടെ ഇരട്ട അധികാരപരിധി അവസാനിപ്പിച്ച് റിസർവ് ബാങ്ക് പരിധിയിൽ കൊണ്ടുവരാൻ ആവശ്യമുന്നയിച്ചത്.
പിഎംസി ബാങ്ക് അഴിമതിയെ തുടർന്ന് സെപ്റ്റംബർ 23 മുതൽ പിഎംസി റിസർവ് ബാങ്ക് നിയന്ത്രണത്തിലാണ്. ജനുവരി മുതൽ 24 ഓളം സഹകരണ ബാങ്കുകളും റിസർവ് ബാങ്ക് ഭരണത്തിലാണ്.
നിലവിലെ ഇരട്ട അധികാരപരിധി അർബൻ സഹകരണ ബാങ്കുകളുടെ തെറ്റായ നടത്തിപ്പിനും, അഴിമതിക്കും കാരണമാകുമെന്നും അതിനാൽ പൂർണ്ണമായി റിസർവ് ബാങ്ക് പരിധിയിൽ കൊണ്ടു വന്ന് പ്രവർത്തനം കാര്യക്ഷമമാക്കി നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കണമെന്നുമാണ് എംപ്ലോയീസ് അസോസിയേഷന്‍റെ ആവശ്യം.
കഴിഞ്ഞമാസം സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത് മൂലം പിഎംസി നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുക്കുകയും മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.