വാഷിങ്ടൺ: ആഗോള തലത്തിലുള്ള സമ്പദ് വ്യവസ്ഥയുടെ മെല്ലെ പോക്ക് മാന്ദ്യത്തിലേക്കെത്താൻ കാത്തിരിക്കരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര യുദ്ധങ്ങൾ മൂലധനം, ചരക്ക് സേവനങ്ങൾ എന്നിവയുടെ ഒഴുക്കിനെ ബാധിച്ചെന്നും ധനമന്ത്രി കൂട്ടിചേർത്തു. വെള്ളിയാഴ്ച നടന്ന അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയുടെ വാർഷിക സമ്മേളനത്തിന്‍റെ പ്ലീനറി സെഷനിൽ സംസാരിക്കവെയാണ് ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം സൂചിപ്പിച്ചത്. ആഗോള സാമ്പത്തിക കാഴ്ചപ്പാട് ചർച്ച ചെയ്ത ഐഎംഎഫിന്‍റെയും ലോക ബാങ്കിന്‍റെയും മിനിസ്റ്റീരിയൽ ലെവൽ കമ്മിറ്റി, വികസന സമിതി എന്നിവയിലും ധനമന്ത്രി പങ്കെടുത്തു.
റഷ്യയുടെ ആദ്യ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ ആന്‍റൺ സിലുവാനോവ്, കിർഗിസ് റിപ്പബ്ലിക്കിന്‍റെ ധനമന്ത്രി ബക്റ്റിഗുൾ ജീൻബീവ, സ്വിറ്റ്‌സർലൻഡ് ധനമന്ത്രി ഉലെയ് മൗറർ, ഓസ്‌ട്രേലിയൻ ട്രഷറർ ജോഷ് ഫ്രൈഡൻബെർഗ്, മാലിദ്വീപ് ധനമന്ത്രി ഇബ്രാഹിം അമീർ എന്നിവരുമായി നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി.