തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളജിനോട് ചേർന്ന് പ്രവർത്തിക്കുന്ന എസ്എടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശ്രീ അവിട്ടം തിരുനാൾ ഹോസ്‌പിറ്റല്‍ ലോകത്തിന് തന്നെ മാതൃകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ലോക നിലവാരത്തിലുള്ള ചികിത്സയും പരിചരണവുമാണ് എസ്എടി ലക്ഷ്യമിടുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന എസ്‌എടി ആശുപത്രി കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഇൻഹൗസ് ഡ്രഗ് ബാങ്ക് സാധാരണക്കാർക്ക് എന്നും ആശ്രയമാണ്. എംആർപി റേറ്റിനേക്കാൾ 28 മുതല്‍ 98 ശതമാനം വരെ കുറഞ്ഞ വിലയില്‍ മരുന്ന് വില്‍പ്പന നടത്തുന്നു എന്നതാണ് ഇൻഹൗസ് ഡ്രഗ് ബാങ്കിന്‍റെ പ്രത്യേകത. ഡോ. ഹരിഹരന്‍റെ നേതൃത്വത്തില്‍ 1993 ലാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് എംആർപി റേറ്റിനേക്കാൾ കുറഞ്ഞ വിലയില്‍ മരുന്ന് വില്‍പ്പന നടത്തുന്നതിന് ഒരു സർക്കാർ സ്ഥാപനം തയ്യാറായത്. N 95 മാസ്‌ക് 10 രൂപയ്ക്കും പിപിഇ കിറ്റ് 275 രൂപ മുതൽ 350 രൂപ വരെ നിരക്കിൽ വിറ്റാണ് കൊവിഡ് കാലത്ത് എസ്‌എടി ഡ്രഗ് ബാങ്ക് വിപ്ലവം സൃഷ്ടിച്ചത്.
ലൈഫ് സ്റ്റൈൽ മരുന്നുകൾ, ന്യൂറോ, കാർഡിയോളജി, നെഫ്രോ മരുന്നുകൾക്ക് ആവശ്യക്കാരുട എണ്ണവും വിലയും കൂടുതലാണ്. ഇത് പലപ്പോഴും സാധാരാണക്കാർക്ക് താങ്ങാനാവുന്നതിലും അധികമാണ്. ഒരു ദിവസം 3500 മുതൽ 4000 വരെ രോഗികൾ എത്തുന്ന എസ്‌എടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ കൊവിഡ് കാലത്ത് 1.68 കോടിയുടെ റെക്കോഡ് മരുന്ന് വില്പനയാണ് നടന്നത്. 90 ലക്ഷം മുതൽ ഒരു കോടി വരെയാണ് ശരാശരി പ്രതിദിന വരുമാനം. ഇന്ത്യയില്‍ സർക്കാർ മേഖലയില്‍ പ്രവർത്തിക്കുന്ന ഒരു ഫാർമസിയിൽ ഇത്രയും രൂപയുടെ മരുന്ന് വിൽപ്പന അപൂർവമാണ്. ലിംക ബുക്ക് ഓഫ് റെക്കോഡ്, ഗിന്നസ് ബുക്ക് റെക്കോഡ് എന്നീ അംഗീകാരങ്ങളും ഇൻ ഹൗസ് ഡ്രഗ് ബാങ്ക് അക്കൗണ്ടിലുണ്ട്.
കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിലേക്കും പാലിയേറ്റീവ് കെയർ അടക്കമുള്ള പല സ്കീമുകളിലേക്കും ആവശ്യമായ മരുന്നുകൾ എത്തിക്കുന്നത് ഇവിടെ നിന്നാണ്. മരുന്ന് വ്യാപാര രംഗത്ത് ഇൻ ഹൗസ് ഡ്രഗ് ബാങ്കിന്‍റെ വളർച്ചയ്ക്ക് പിന്നിലെ ശക്തി ചീഫ് ഫാർമസിസ്റ്റ് എ ബിജുവാണ്. പ്രതിദിന വിൽപ്പന കൂടികൊണ്ടിരുന്നാൽ മരുന്നു കമ്പനികൾ എറ്റവും കുറഞ്ഞ വിലയിൽ മരുന്ന് നൽകാൻ തയ്യാറാകും എന്നാണ് ബിജു പറയുന്നത്. വിലപേശലും കൃത്യമായ തിരിച്ചടവുമാണ് വിജയ രഹസ്യം. യഥാർഥ ലാഭം പൊതുജനങ്ങൾക്കാണ്. ഇൻഹൗസ് ഡ്രഗ് ബാങ്കിന് കിട്ടിയ ലാഭവിഹിതത്തിലാണ് എസ്എടി ആശുപത്രിയിൽ മൂന്നരക്കോടിയുടെ ഗോൾഡൻ ജൂബിലി ബിൽഡിംഗ് കെട്ടിപ്പൊക്കിയത്. മരുന്ന് കച്ചവടം എളുപ്പ പണിയല്ലെന്ന അനുഭവമാണ് ബിജുവിന് പറയാനുള്ളത്. അപരിചിതരായവരുടെ ഭീഷണികൾ പലതവണ എത്തിയിട്ടുണ്ട്. വിജിലൻസിലും മന്ത്രി ഓഫീസിലും പരാതി കൊടുക്കുക സ്ഥിരം നടക്കുന്ന കാര്യം ആണെങ്കിലും ആരോപണങ്ങൾക്ക് അധിക ആയുസ് ഉണ്ടാകാറില്ലെന്നും ബിജു പറയുന്നു.
ഇന്ത്യയിലെ ആദ്യ മോഡേൺ ഫാർമസി
ലോകോത്തര നിലവാരത്തിൽ ഇന്ത്യയിൽ തന്നെ ആദ്യ മോഡേൺ ഫാർമസിയായി മാറാൻ ഒരുങ്ങുകയാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്ക്. അഞ്ചു കോടി ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. രോഗികൾക്ക് വ്യക്തിപരമായ കൗൺസിലിംഗ്, എല്ലാ മരുന്നുകളെയും പറ്റി അറിയുന്നതിനുള്ള കിയോസ്ക് സംവിധാനം, രോഗവിവരം അറിയുന്നതിന് ഡോക്ടർമാർ നയിക്കുന്ന ടെലിവിഷൻ ക്ലാസുകൾ, എടിഎം കൗണ്ടറുകൾ, മരുന്നു വാങ്ങാൻ ക്യൂ നിൽക്കാതെ ടോക്കൺ സംവിധാനം, മരുന്നു വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനം എന്നിവ പുതിയ ഫാർമസിയിൽ ഉണ്ടാകും. ഒരു മരുന്ന് എങ്ങനെ കഴിക്കണം എന്നും ആ മരുന്നു കഴിക്കുമ്പോൾ എന്തൊക്കെ കഴിക്കാതെ ഇരിക്കണമെന്നും ജീവിതക്രമം എങ്ങനെയായിരിക്കണമെന്നും ഭൂരിപക്ഷം പേർക്കും അറിയില്ല. ഇതിനുള്ള പ്രതിവിധിയാണ് ഇൻഹൗസ് ഡ്രഗ് ബാങ്കിന്‍റെ മോഡേൺ ഫാർമസി മുന്നോട്ടുവയ്ക്കുന്നത്.