ന്യൂഡല്‍ഹി: ന്യൂഡല്‍ഹി; കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ നടപടികളുമായി റിസർവ് ബാങ്ക്. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് റിപ്പോ നിരക്കുകൾ കുറച്ചും വായ്പകളില്‍ ഇളവ് പ്രഖ്യാപിച്ചും റിസർവ് ബാങ്ക് രംഗത്ത് എത്തിയത്. എംപിസി യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയ വാർത്താ സമ്മേളനത്തില്‍ വിപണിയില്‍ പണലഭ്യത വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി.
കൊവിഡ് സൃഷ്ടിച്ചത് മുൻപ് ഉണ്ടാകാത്ത പ്രതിസന്ധിയാണെന്നും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തെ (ജിഡിപി) ദോഷകരമായി ബാധിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. പുതിയ റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 5.15 ല്‍ നിന്ന് 4.4 ശതമാനമാക്കിയപ്പോൾ ബാങ്കുകൾ പലിശ നിരക്ക് കുറച്ചു. ഇതോടെ രാജ്യത്ത് ഭവന, വാഹന വായ്പാ നിരക്കുകളില്‍ കുറവുണ്ടാകും. എല്ലാ വായ്പാ തിരിച്ചടവുകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയവും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു.