ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡി ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി റെയില്‍വേ മന്ത്രാലയം. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പുതിയ നടപടികള്‍ അവതരിപ്പിക്കുന്നതിനിടെയാണ് റെയില്‍വേ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ പദ്ധതി അവതരിപ്പിച്ചത്.
നിലവില്‍ ഒരു ടിക്കറ്റിന്‍റെ നിരക്കില്‍ 53 ശതമാനം മാത്രമേ റെയില്‍വേക്ക് ലഭിക്കൂ. ടിക്കറ്റ് നിരക്കിന്‍റെ 47 ശതമാനവും യാത്രക്കാരന് ലഭിക്കുന്ന സബ്‌സിഡിയാണ്. നിലവിലെ എല്‍പിജി സബ്‌സിഡി സിസ്റ്റം പോലെ റെയില്‍വേയിലും സബ്‌സിഡി സിസ്റ്റം പരീക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനായി രണ്ട് തരത്തില്‍ ടിക്കറ്റ് ഇറക്കാനും സാധ്യതയുണ്ട് സബ്‌സിഡി ഒഴിവാക്കി ടിക്കറ്റ് എടുക്കേണ്ടവര്‍ക്ക് ഇത്തരത്തില്‍ ടിക്കറ്റ് നല്‍കാനും അല്ലാത്തവര്‍ക്ക് സാധാരണ ടിക്കറ്റ് നല്‍കാനും റെയില്‍വേ വകുപ്പ് ആലോചിക്കുന്നുണ്ട്.
നിലവില്‍ ഒരു സാമ്പത്തിക വര്‍ഷം 50,000 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ റെയില്‍വേക്ക് ലഭിക്കുന്നത്. ഇത് 56,000 കോടി ആക്കി ഉയര്‍ത്താനാണ് റെയില്‍വേയുടെ ശ്രമം. 2014 ല്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ എല്‍പിജി സബ്‌സിഡി ഉപേക്ഷിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അഭ്യര്‍ഥന ജനം സ്വീകരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് റെയില്‍വേ വകുപ്പിന്‍റെ പുതിയ നീക്കം.