ന്യൂഡൽഹി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റിയുടെ(പി.എഫ്.ആർ.ഡി.എ) ദേശീയ പെൻഷൻ പദ്ധതിയിൽ (എൻ.പി.എസ്) വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്കും അംഗമാകാന് അനുമതി .വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് പി.എഫ്.ആർ.ഡി.എ നിയമത്തിലെ വകുപ്പുകൾ പ്രകാരം ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാൻ യോഗ്യതയുണ്ടെന്നും നിക്ഷേപ തുക സ്വദേശത്ത് കൊണ്ട് വരുന്നത് എഫ്.ഇ.എം.എ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്നും ധനമന്ത്രാലയം അറിയിച്ചു.ദേശീയ പെൻഷൻ പദ്ധതിയുടെ നടത്തിപ്പിനായി പാർലമെൻറ് രൂപീകരിച്ച നിയമപരമായ അതോറിറ്റിയാണ് പി.എഫ്.ആർ.ഡി.എ
ഇന്ത്യയിലെ ആദായനികുതി നിയമം 80 (സി) പ്രകാരം 50,000 രൂപ വരെയുള്ള തുകയ്ക്കും അതിന് മുകളിൽ സെക്ഷൻ 80 സിസിഡി (1) പ്രകാരം 1,50,000 രൂപ വരെയും നികുതി ഇളവ് ലഭ്യമാണ്.കേന്ദ്ര ബജറ്റ് 2019 ൽ എൻ.പി.എസിൽ നികുതി ഇളവുപരിധി ഐടി നിയമത്തിലെ സെക്ഷൻ 10 (12 എ) പ്രകാരം നിലവിലുള്ള 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയിരുന്നു.
2004 ജനുവരി ഒന്ന് മുതലാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദേശീയ പെൻഷൻ പദ്ധതിയിൽ അംഗത്വ അനുമതി ലഭിക്കുന്നത്. തുടർന്ന് എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അംഗത്വ അനുമതി ലഭിച്ചു. ദേശീയ പെൻഷൻ പദ്ധതി അംഗത്വം 2009 മെയ് മുതൽ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സ്വമേധയാ ഉള്ള അടിസ്ഥാനത്തിലും 2011 ഡിസംബറിൽ കോർപ്പറേറ്റ് മേഖലയിലേക്കും 2015 ഒക്ടോബറിൽ പ്രവാസി ഇന്ത്യക്കാരിലേക്കും വ്യാപിപ്പിച്ചു.
2019 ഒക്ടോബർ 26 പ്രകാരം ദേശീയ പെൻഷൻ പദ്ധതി , അടൽ പെൻഷൻ എന്നിവയിലെ മൊത്തം അംഗങ്ങളുടെ എണ്ണം 3.18 കോടി കടന്നു. 66 ലക്ഷത്തിലധികം സർക്കാർ ജീവനക്കാരെ പദ്ധതിയിൽ ചേർത്തിട്ടുണ്ട്. 19.2 ലക്ഷം പേർ സ്വകാര്യമേഖലയിൽ നിന്നും ,6812 പേർ കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിഎഫ്ആർഡിഎ യുടെ പെൻഷൻ പദ്ധതി വ്യാപിപ്പിക്കലിന്റെ ഭാഗമാണ് ഇപ്പോഴത്തെ നയം.ഇത് പ്രകാരം ഇന്ത്യൻ പൗരൻ,വിദേശ ഇന്ത്യൻ പൗരൻ, വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് എന്നിവർക്ക് 65 വയസ്സ് വരെ ദേശീയ പെൻഷൻ പദ്ധതിയിൽ ചേരാം