ന്യൂഡൽഹി: സർക്കാർ ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കുകയല്ല, മറിച്ച് യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി സ്വകാര്യ കമ്പനികൾക്ക് വാണിജ്യ, ഓൺ-ബോർഡ് സേവനങ്ങൾ മാത്രമാണ് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ വെള്ളിയാഴ്ച രാജ്യസഭയിൽ പറഞ്ഞു.
മെച്ചപ്പെട്ട സേവനങ്ങൾ നൽകുക എന്നതാണ് ഉദ്ദേശമെന്നും ഇന്ത്യൻ റെയിൽവേയെ സ്വകാര്യവൽക്കരിക്കാനല്ല, ഇന്ത്യൻ റെയിൽവേ എല്ലായ്‌പ്പോഴും ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സ്വത്തായി തുടരുമെന്നും ഗോയൽ രാജ്യസഭയിൽ ഉറപ്പ് നൽകി.
യാത്രക്കാരുടെ തിരക്കിനെ നേരിടാൻ ആയിരക്കണക്കിന് പുതിയ ട്രെയിനുകളും കൂടുതൽ നിക്ഷേപവും പുതിയ സൗകര്യങ്ങളും ആവശ്യമാണെന്ന് പറഞ്ഞ ഗോയൽ നിക്ഷേപം നടത്താനും നിലവിലുള്ള വ്യവസ്ഥിതിയിൽ പ്രവർത്തിക്കാനും സന്നദ്ധരായ സ്വകാര്യ വ്യക്തികളെ ഇന്ത്യൻ റെയിൽവേ ഉപഭോക്താക്കൾക്കും യാത്രക്കാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കുമെന്നും കൂട്ടിചേർത്തു.
റെയിൽവേ സ്വകാര്യവൽക്കരിക്കുകയല്ല ഔട്ട്‌സോഴ്‌സ് ചെയ്യുകയാണെന്ന് പറഞ്ഞ റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടി ഇത് ഇന്ത്യൻ റെയിൽവേയിലെ നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ലെന്നും സ്വകാര്യ നിക്ഷേപമെത്തുന്നതോടെ മികച്ച സേവനങ്ങൾ ലഭിക്കുമെന്നും അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിലെ വികലാംഗരായ യാത്രക്കാർക്കും സ്ത്രീകൾക്കും പ്രത്യേകം സേവനങ്ങൾ നൽകുമെന്നും സുരക്ഷയും ശുചിത്വവും എല്ലായ്‌പ്പോഴും സർക്കാരിന്‍റെ മുൻഗണനയാണെന്നും, എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സ്ത്രീകൾക്ക് പ്രത്യേക വിശ്രമമുറിയും പൊലീസ് സഹായവും നൽകുന്നുണ്ടെന്നും സുരേഷ് അങ്കടി കൂട്ടിചേർത്തു.
സ്വകാര്യ നിക്ഷേപം വന്നാലും സേവനങ്ങളെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ റെയിൽവേ അതോറിറ്റി ഉണ്ടാകുമെന്നും റെയിൽവേ സഹമന്ത്രി കൂട്ടിച്ചേർത്തു.